തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി സമ്മേളനത്തിന് വേണ്ടി റോഡിന്റെ ഒരുവശം കെട്ടിയടച്ച് സ്റ്റേജ് നിർമിച്ചു. വാഹനങ്ങളെല്ലാം ഒരു വശത്തുകൂടി കടത്തിവിട്ടതോടെ വന്‍ഗതാഗതക്കുരുക്കില്‍ ജനം വലഞ്ഞു. നൂറു കണക്കിനു വാഹനങ്ങൾ കുരുക്കിൽപെട്ടതായാണ് ആക്ഷേപം. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ വാഹനങ്ങളില്‍ കുടുങ്ങി.വഞ്ചിയൂര്‍ കോടതി സമുച്ചയത്തിന് സമീപത്താണ് പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തിന്റെ ഭാഗമായി റോഡ് കെട്ടിയടച്ച് വേദിയൊരുക്കിയത്. ജനറല്‍ ആശുപത്രിയും ഹോളി ഏയ്ഞ്ചൽസ് സ്‌കൂളും ഇതിനു സമീപത്തായുണ്ട്. വൈകിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. എല്ലാ അനുമതിയും വാങ്ങിയാണ് പന്തല്‍ കെട്ടിയിരിക്കുന്നതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.