മലയാളത്തിൻ്റെ വാനമ്പാടി കെ.എസ് ചിത്ര ആലപിച്ച കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത ചിത്രത്തിലെ ‘അരികിലായി’ എന്നു തുടങ്ങുന്ന നിഷാദ് അഹമ്മദിന്റെ വരികൾക്ക് ശ്രീഹരി കെ നായരാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.വൈറസ്, തമാശ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകൻ സക്കരിയ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ തിരക്കഥ ആഷിഫ് കക്കോടിയാണ്. ഫീൽ ഗുഡ് സറ്റയറിക്കൽ സിനിമയായ കമ്മ്യൂണിസ്റ്റ് പച്ച ഹരിത പ്രൊഡക്ഷൻസിന്റെ ബാനറിൽ സൽവാൻ ആണ് നിർമിച്ചിരിക്കുന്നത്. സക്കരിയയെ കൂടാതെ അൽത്താഫ് സലിം, നസ്ലിൻ, ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി, അശ്വിൻ വിജയൻ, സനന്ദൻ, അനുരൂപ്, ഹിജാസ് ഇക്ബാൽ, വിനീത് കൃഷ്ണൻ, അനിൽ. കെ, കുടശ്ശനാട് കനകം തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രയെ കൂടാതെ ഗോവിന്ദ് വസന്ത, ബെന്നി ഡയാൽ, ഡി.ജെ ശേഖർ എന്നിവരാണ് മറ്റു ഗാനങ്ങളാലപിച്ചിരിക്കുന്നത്.