നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്ത ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ പല്ലൊട്ടി 90സ് കിഡ്‌സ് ഒടിടി റിലീസ് പ്രഖ്യാപിച്ചു. മികച്ച കുട്ടികളുടെ ചിത്രമുൾപ്പെടെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ ചിത്രമാണിത്. 14 -ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്‌കാരവും ചിത്രം നേടിയിരുന്നു. ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.കണ്ണൻ, ഉണ്ണി എന്നീ രണ്ടു കുട്ടികളുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമാപ്രാന്തൻ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയയും നിതിൻ രാധാകൃഷ്ണനും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരിൽ ഏറെയും പുതുമുഖങ്ങളാണ്. ഡിസംബർ 18 മുതൽ മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക.തിരക്കഥ-സംഭാക്ഷണം ഒരുക്കിയിരിക്കുന്നത് ദീപക് വാസൻ. മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിട്ടുണ്ട്.സൈജു കുറുപ്പ്, സുധി കോപ്പ എന്നിവരും ചിത്രത്തിൽ മനോഹരമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരഞ്ജനാ അനൂപ്, ദിനേശ് പ്രഭാകർ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം വിനീത് തട്ടിൽ, അബു വളയകുളം, മരിയ പ്രിൻസ് ആന്റണി, അജീഷ, ഉമ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.സംവിധാനം, തിരക്കഥ രചന, ക്യാമറ, എഡിറ്റിംഗ്, അഭിനയം തുടങ്ങി ചിത്രത്തിന്റെ മറ്റു സാങ്കേതിക വശങ്ങളിൽ ഉൾപ്പടെ നാൽപ്പതോളം തുടക്കക്കാരാണ് ‘പല്ലൊട്ടിയിലൂടെ’ മലയാള സിനിമയിലേക്ക് കടന്നത്.