എറണാകുളം കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന് വിട നൽകി നാട്. ചേലോട് കുറുമറ്റം സെമിത്തേരിയിലായിരുന്നു സംസ്കാരം. കുട്ടമ്പുഴ ഉരുളൻതണ്ണിയിലെ മാർത്തോമ്മാ പള്ളിയിലായിരുന്നു സംസ്കാര ശുശ്രൂഷകൾ. കാട്ടാനയാക്രമണത്തിൽ വൻപ്രതിഷേധത്തിനാണ് കോതമംഗലം സാക്ഷ്യം വഹിച്ചത്.എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം പന്ത്രണ്ട് മണിയോടെയാണ് എൽദോസിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. ക്ണാച്ചേരിയിലെ വീട്ടിലെ മൃതദേഹം പൊതുദർശനത്തിന് വച്ചു. കാട്ടാന ശല്യം തടയാൻ പ്രദേശത്ത് ഒരു സംവിധാനവും ഇല്ലെന്ന് എൽദോസിന്റെ കുടുംബവും നാട്ടുകാരും ആരോപിച്ചു.