കിഴക്കൻ പാകിസ്താനിൽ വെന്നിക്കൊടി പാറിച്ച് ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യം രൂപീകരിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യൻ സൈനികരുടെ ധീരതയും ത്യാഗവും ഇന്ദിരാഗാന്ധിയെന്ന ഭരണാധികാരിയുടെ ഇച്ഛാശക്തിയുമുണ്ടായിരുന്നു. എന്നാൽ, പഴയതെല്ലാം മറന്ന്, പാകിസ്താനുമായി കൂടുതൽ അടുത്ത്, ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ് ബംഗ്ലാദേശ്. പാകിസ്താനുമായുള്ള വിസാ നടപടികൾ ലഘൂകരിച്ചുകൊണ്ടുള്ള ബംഗ്ലാദേശിന്റെ പ്രഖ്യാപനം ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ പുതിയ സുരക്ഷാ വെല്ലുവിളികൾ തീര്‍ക്കുകയാണ്. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് തീവ്രവാദ സംഘടനകൾ മേഖലയിൽ കടന്നുകയറുമോയെന്ന് ഭയക്കേണ്ടതുണ്ട്. പാക് ചാര സംഘടന ഐ.എസ്.ഐ, മേഖലയിൽ സാന്നിധ്യമുറപ്പിച്ചോ എന്നത് ഇന്ത്യയുടെ തലക്കുമുകളിൽ ഒരു വാളായി നിൽക്കുകയാണ്.പാകിസ്താൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി സർവീസസ് ഡിവിഷനിൽ നിന്ന് സുരക്ഷാ ക്ലിയറൻസ് നേടേണ്ടതില്ലെന്നാണ് ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇക്കഴിഞ്ഞ ഡിസംബർ രണ്ടിന് പ്രഖ്യാപിച്ചത്. ബംഗ്ലാദേശിലെ പാകിസ്താൻ ഹൈക്കമ്മീഷണർ സയ്യിദ് അഹമ്മദ് മറൂഫ് ധാക്കയിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് ഖാലിദ സിയയെ കാണുന്നതിന് മുന്നോടിയായായിരുന്നു നിര്‍ണായക നീക്കം. സുരക്ഷാ നടപടികളുടെ ഭാഗമായി 2019-ലാണ് വിസാ ചട്ടങ്ങളിൽ നിയന്ത്രണം കൊണ്ടുവന്നത്.1971-ലെ ബംഗ്ലാദേശ് യുദ്ധത്തിലേറ്റ മുറവായിരുന്നു ബംഗ്ലാദേശും പാകിസ്താനും തമ്മിലുള്ള അകല്‍ച്ചയുടെ മൂലകാരണം. ഷെയ്ഖ് ഹസീനയുടെ കാലത്ത് പാകിസ്താനെ ബംഗ്ലാദേശ് പരമാവധി അകറ്റി നിര്‍ത്തുകയും ഇന്ത്യയോട് കൂടുതൽ കൂറ് പുലര്‍ത്തുകയും ചെയ്തിരുന്നു. എന്നാൽ ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി എന്നും പാകിസ്താനോടായിരുന്നു കൂടുതൽ ചായ്വു കാട്ടിയിട്ടുള്ളത്. ഒന്നിലേറെ തവണ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം വഹിച്ചയാളാണ് ഖാലിദ സിയ. സിയയുടേയും, ഭര്‍ത്താവും അന്തരിച്ച മുൻ ബംഗ്ലാദേശ് പ്രസിഡന്റുമായ സിയാവുർ റഹ്മാൻ്റെയും രാഷ്ട്രീയ നിലപാടുകൾ ഇസ്ലാമാബാദുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതായിരുന്നു. ഷെയ്ഖ് ഹസീന സര്‍ക്കാറിനെ താഴെയിറക്കുന്നതിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് പാക് ഐ.എസ്.ഐയുടെ സഹായം ലഭിച്ചെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു