കോവിഡിനു സമാനമായി ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്‌എംപിവി) ആണ് ചൈനയില്‍ പടരുന്നത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്തുണ്ടായ ആശങ്കയ്ക്ക് സമാനമായ സാഹചര്യമാണ് ചൈനയില്‍ നിലനില്‍ക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിലെ റിപ്പോർട്ടുകളില്‍ പറയുന്നു.
അജ്ഞാത വൈറസ് അതിവേഗമാണു പടരുന്നത്. ചൈനയിലെ ആശുപത്രികള്‍ രോഗികളെക്കൊണ്ടു നിറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുട്ടികളും പ്രായമായവരുമാണ് രോഗികളില്‍ ഭൂരിപക്ഷവും. എന്നാല്‍ ഇതൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകള്‍ക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗനിയന്ത്രണ അഥോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. രോഗ പ്രതിരോധത്തിന്‍റെ ഭാഗമായി മാസ്‌ക് ധരിക്കാനും കൈകള്‍ ഇടയ്ക്കിടെ കഴുകാനും ഉദ്യോഗസ്ഥര്‍ ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്‌എംപിവി. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും വൈറസ് ബാധിക്കുമെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ചൈനയില്‍ വൈറസ് ബാധയേറ്റ് നിരവധി പേർ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.