സ്ത്രീധന പീഡനത്തെ തുടർന്ന് ആയുർവേദ മെഡിക്കല്‍ വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ പരോള്‍ അനുവദിച്ചതിന് പിന്നാലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാർ സുപ്രീംകോടതിയില്‍.
വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിരണ്‍ കോടതിയെ സമീപിച്ചത്. ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും മാധ്യമവിചാരണയുടെ ഇരയാണ് താനെന്നും കിരണ്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട കിരണിന് പൊലിസ് റിപ്പോർട്ട് എതിരായിട്ടും ജയില്‍ മേധാവി ഡിസംബർ 30ന് പരോള്‍ അനുവദിച്ചിരുന്നു. പൂജപ്പുര സെൻട്രല്‍ ജയിലില്‍ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നല്‍കിയെങ്കിലും പെബ്രേഷൻ റിപ്പോർട്ടും പൊലീസ് റിപ്പോർട്ടും എതിരായതിനാല്‍ ജയില്‍ സൂപ്രണ്ട് അപേക്ഷ തള്ളി. എന്നാല്‍, രണ്ടാമത് നല്‍കിയ അപേക്ഷയില്‍ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. എന്നാല്‍, ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു.
സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവായ കിരണിനെ പത്ത് വർഷത്തെ തടവിനും 12.55 ലക്ഷം രൂപ പിഴക്കുമാണ് കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി ശിക്ഷിച്ചത്. എന്നാല്‍, ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള കിരണിന്‍റെ ഹരജി 2022 ഡിസംബർ 13ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.
കൊല്ലം നിലമേല്‍ കൈതോട് കെ.കെ.എം.പി ഹൗസില്‍ വിസ്മയ വി. നായരെ 2021 ജൂണ്‍ 21നാണ് ശാസ്താംകോട്ട ശാസ്താനടയിലുള്ള ഭർതൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകളെ ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി വിസ്മയയുടെ വീട്ടുകാർ രംഗത്തെത്തി. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ അസി. മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറായിരുന്ന ഭർത്താവ് കിരണ്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. ജനുവരി പത്തിന് വിചാരണ ആരംഭിച്ചു. കേസിന്‍റെ പശ്ചാത്തലത്തില്‍ മോട്ടോർ വാഹന വകുപ്പ് കിരണ്‍ കുമാറിനെ സർവിസില്‍ നിന്ന് പിരിച്ചുവിട്ടു. വിസ്മയ മരിച്ച ദിവസം രാത്രി പിടിയിലായി റിമാൻഡിലായ കിരണ്‍ കുമാറിന് വിചാരണ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ സുപ്രീംകോടതി ഒരു മാസം മുമ്പ് ജാമ്യം അനുവദിച്ചിരുന്നു.
കിരണ്‍, വിസ്മയയുടെ മാതാവ്, വിസ്മയയുടെ ബാല്യകാല സുഹൃത്ത് എന്നിവരുടെ ഫോണുകളില്‍ നിന്ന് വീണ്ടെടുത്ത റെക്കോഡ് ചെയ്ത ഫോണ്‍ സംഭാഷണങ്ങളും കേസില്‍ തെളിവായി. പ്രോസിക്യൂഷൻ വിസ്തരിച്ച 42 സാക്ഷികളില്‍ നിന്നും 120 രേഖകളില്‍ നിന്നും 12 മുതലുകളില്‍ നിന്നും കുറ്റകൃത്യങ്ങള്‍ പൂർണമായി തെളിഞ്ഞതായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് കോടതിയില്‍ വാദിച്ചു.
സർക്കാർ ഉദ്യോഗസ്ഥനായ പ്രതി വിവാഹ മാർക്കറ്റില്‍ താനൊരു വില കൂടിയ ഉല്‍പന്നമാണെന്ന് കരുതുകയും സ്ത്രീധന സമ്പ്രദായം ശരിയാണെന്ന് കരുതുകയും ചെയ്യുന്നത് കേസിന്‍റെ ഗൗരവം വർധിപ്പിക്കുന്നതായിരുന്നു പ്രോസിക്യൂഷന്‍റെ പ്രധാന വാദം.