ഒറ്റ രാത്രിയിലെ മലവെള്ളപ്പാച്ചിൽ വേ൪പിരിച്ച ജീവിതങ്ങൾ ജ്യോതി ദ൪ശനത്തിനായി അയ്യപ്പ സന്നിധിയിൽ. ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മകര ജ്യോതി ദ൪ശിക്കാനായി മല കയറിയെത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇവർ സന്നിധാനത്ത് എത്തിയത്.ഈ മൂന്ന് ഗ്രാമങ്ങളിൽ നിന്നും 150 ലധികം ഭക്ത൪ ഓരോ വ൪ഷവും അയ്യപ്പസന്നിധിയിലെത്താറുണ്ട്. മുണ്ടക്കൈ മാരിയമ്മ൯ ക്ഷേത്രത്തിൽ നിന്ന് സുബ്രഹ്മണ്യ൯ ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇവ൪ എത്താറുളളത്. എന്നാൽ മാരിയമ്മ൯ ക്ഷേത്രവും സുബ്രഹ്മണ്യ൯ സ്വാമിയും അദ്ദേഹത്തിന്റെ 13 ബന്ധുക്കളും ഉരുൾപൊട്ടലിൽ ഒലിച്ച് പോയി.ഒന്നിച്ച് കഴിഞ്ഞിരുന്ന ഈ മൂന്ന് ഗ്രാമങ്ങളിലെയും ഭക്ത൪ ഇപ്പോൾ പലയിടങ്ങളിലായി വാടക വീടുകളിലാണ് താമസം. മേപ്പാടിയിലെ മാരിയമ്മ൯ ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ച് ഗുരുസ്വാമി രാമൻകുട്ടിയുടെ നേതൃത്വത്തിൽ 50 പേരാണ് ഇക്കുറി മല ചവിട്ടിയത്