കോടതികള്‍ ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഒരു കോടി രൂപ ചെലവഴിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍. നടി ഹണി റോസിനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ബോബി ചെമ്മണ്ണൂര്‍ ഇക്കാര്യം പറഞ്ഞത്. ”കാക്കനാട് ജയിലില്‍ പത്തിരുപത്താറ് കേസുകളുണ്ട്. ജാമ്യംകിട്ടാന്‍ അയ്യായിരമോ പതിനായിരമോ രൂപയില്ലാത്തതിനാല്‍ വിഷമിക്കുന്നവരാണ് അവരൊക്കെ. അങ്ങനെ 26 പേര്‍ എന്റെ അടുത്തുവന്നു. അതൊക്കെ നമുക്ക് പരിഹരിക്കാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അതിനുള്ള സമയത്തിന് വേണ്ടി ഞാന്‍ ഒരുദിവസം കൂടി ജയിലില്‍ നിന്നു. അത്രയേ ഉള്ളൂ” റസ്റ്ററന്റില്‍ ഭക്ഷണത്തിന്റെ ബില്‍ കൊടുക്കാതെ പോയതടക്കം ചെറിയ കേസുകളില്‍പ്പെട്ട ഒട്ടേറെപ്പേര്‍ ജയിലില്‍ ഉണ്ടായിരുന്നു. 5000, 10000 രൂപയൊക്കെ അടച്ചാല്‍ അവര്‍ക്കു പുറത്തിറങ്ങാം. അര്‍ഹരായവരെ സാമ്പത്തികമായി സഹായിക്കാമെന്നു മറുപടി നല്‍കി. നിയമസഹായം നല്‍കുന്നതു പരിഗണിക്കാമെന്ന് വാക്കുനല്‍കിയിട്ടുണ്ടെന്നും ബോബി വിശദീകരിച്ചു.