നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ (എൻസിഎച്ച്എം & സിടി) അഫിലിയേഷനുള്ള രാജ്യത്തെ വിവിധ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ബിരുദപഠനത്തിനു വേണ്ടി നടത്തപ്പെടുന്ന പ്രവേശന പരീക്ഷയാണ് NCHM JEE 2025. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ), എൻസിഎച്ച്എം നടത്തുന്ന ജെഇഇ പരീക്ഷയിലൂടെ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷനിലെ ബി എസ് സി. മൂന്നുവർഷ പ്രോഗ്രാമിലേയ്ക്കാണ് പ്രവേശനം. നാലാംവർഷം പഠിക്കാനും ഓണേഴ്സ് ബിരുദം നേടാനും പ്രോഗ്രാമിൽ അവസരമുണ്ടാകും. ഹോസ്പിറ്റാലിറ്റി മേഖലയിലെ സൂപ്പർവൈസറിതലങ്ങളിൽ പ്രവർത്തിക്കാനാവശ്യമായ നൈപുണികളും അറിവും മനോഭാവവും പഠിതാക്കളിൽ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന പാഠ്യപദ്ധതിയാണ് കോഴ്സിനുള്ളത്.