വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് എന്ന വ്യാജേന സോഷ്യല്‍ മീഡിയയില്‍ ഓഹരി വിപണിയെ സംബന്ധിച്ച എളുപ്പവഴികള്‍(tips) പങ്കുവയ്ക്കുന്നതില്‍ നിന്ന് ഫിന്‍ഫ്‌ളുവന്‍സര്‍മാരെ(ഫിനാൻഷ്യൽ ഇൻഫ്ളൂവൻസർമാർ) തടഞ്ഞ് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി. ഏറ്റവും പുതിയ ഓഹരി വില വിവരങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്ന കരട് സര്‍ക്കുലര്‍ സെബി പുറപ്പെടുവിച്ചു.വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ വ്യക്തികള്‍ കഴിഞ്ഞ മൂന്ന് മാസത്തെ ഓഹരി വിപണി വില വിവരങ്ങള്‍ ഉപയോഗിച്ച് ഏതെങ്കിലും സെക്യൂരിറ്റി-പേരോ കോഡോ ഉപയോഗിച്ച്- വിവരങ്ങൾ പങ്കുവയ്ക്കുകയോ ചര്‍ച്ച ചെയ്യുകയോ പ്രദര്‍ശിപ്പിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് കരട് നിര്‍ദേശത്തില്‍ പറയുന്നു. ഇതിന് പുറമെ മാര്‍ക്കറ്റ് പ്രവചനങ്ങള്‍ നടത്തുകയോ ഉപദേശങ്ങള്‍ നല്‍കുകയോ സെക്യൂരിറ്റികള്‍ ശുപാര്‍ശ നടത്തുകയോ ചെയ്യാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.