പത്തനംതിട്ടയിൽ ആളുമാറി വിവാഹ പാർട്ടിക്ക് നേരേ മർദ്ദനം നടത്തിയ സംഭവത്തിൽ എസ്ഐക്ക് ഗുരുതര വീഴ്ചയെന്ന് പ്രാഥമിക നിഗമനം. ബാറിൽ ബഹളം നടക്കുന്നു എന്നറിഞ്ഞതിൻ്റെ വെളിച്ചത്തിലാണ് പോലീസ് സംഘം സ്ഥലത്ത് എത്തിയത്. എന്നാൽ പൊലീസിനെ കണ്ട് മദ്യപസംഘം ഓടി രക്ഷപെട്ടു. ഈ സമയം ബാറിനു സമീപം വാഹനം നിർത്തി വിശ്രമിക്കാനായി പുറത്തിറങ്ങിയ വിവാഹ പാർട്ടിക്കാരെ പോലീസ് മർദ്ദിക്കുകയായിരുന്നു.പൊലീസ് ജീപ്പ് നിറുത്തി ഉടൻ തങ്ങൾ ആരെന്ന് അന്വേഷിക്കാതെ മർദ്ദിക്കുകയായിരുന്നുവെന്ന് വിവാഹ പാർട്ടിയിലുള്ളവർ പറഞ്ഞു. പൊലീസ് മർദ്ദനത്തിൽ വധുവിന് തോളെല്ലിന് സാരമായ പരിക്കുണ്ട്. വരനും പരിക്കേറ്റു. വിവാഹ സംഘത്തിലുള്ളവർ ചികിത്സയിലാണ്.