ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ആറന്മുള പോലീസ് സ്റ്റേഷനിൽ വന്ന ഫോൺ വിളിയുടെ ചുരുക്കം 93 കാരി കിണറ്റിൽ വീണു എന്നതായിരുന്നു. ഒട്ടും സമയം പാഴാക്കാതെ പോലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം തെക്കേമല ട്രൈഫൻ്റ് ജംഗ്ഷനിലേക്ക് പാഞ്ഞു. സ്ഥിരമായി വെള്ളം കോരുന്ന അയൽ വാസിയുടെ വീട്ടിലെ കിണറ്റിൽ നിന്നും, വെള്ളം കോരുമ്പോൾ കപ്പിയിൽ കയർ കുരുങ്ങിയത് എടുക്കാൻ ശ്രമിക്കവേ കിണറ്റിൽ വീണതാണ് ആറന്മുള നടുവിലെതിൽ വീട്ടിൽ ഗൗരിയമ്മ (93). നല്ല ആഴമുള്ള കിണറ്റിൽ ഇവർ അപകടത്തിൽ പെടുമ്പോൾ വീട്ടിൽ ആരുമില്ലായിരുന്നു. യാദൃശ്ചികമായി അവിടെയെത്തിയ അയൽവാസി നോക്കുമ്പോൾ കിണറിന്റെ കരയിൽ ചെരുപ്പുകൾ കണ്ടു, കിണറ്റിൽ ആളനക്കവും കേട്ടു. അപകടം മനസ്സിലാക്കിയ അവർ, ജോലിക്കുപോയ മകൻ ഓമനക്കുട്ടനെ ഉടനെ വിളിച്ചു പറഞ്ഞു. പിന്നീട് വിവരമറിഞ്ഞു ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് ശ്രമകരമായി ഗൗരിയെ പുറത്തെടുക്കുകയായിരുന്നു. നടവഴി മാത്രമുള്ള വീട്ടിൽ നിന്നും സാഹസികമായാണ് പിന്നീട് പോലീസ് രക്ഷാപ്രവർത്തനം ഏറ്റെടുത്ത് വിജയിപ്പിച്ചത്. റോഡിൽ നിന്നും 200 മീറ്ററിലധികം ദൂരത്തിൽ വീട്ടിലേക്ക് നീളുന്ന നന്നെ ഞെരുങ്ങിയ ഇടവഴിയിലൂടെ എസ് എച്ച് ഓയും എസ് ഐ വിഷ്ണുവും ഗൗരിയെ കൈകളിൽ ചുമന്നു റോഡിൽ എത്തിച്ചത് മിനിറ്റുകൾക്കുള്ളിലാണ്. വഴിയുടെ ഇടുക്കവും ഓടിക്കൂടിയ ആളുകളുടെ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളുമൊന്നും പോലീസിന്റെ രക്ഷാപ്രവർത്തനത്തിൽ തടസ്സമായില്ല. ഗൗരിയെ സുരക്ഷിതമായി സ്‌ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റി പോലീസ് സംഘം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവർ നിരീക്ഷണത്തിൽ കഴിയുകയാണിപ്പോൾ. പുനർജ്ജൻമമായി കരുതാവുന്ന ഈ രക്ഷപ്പെടലിൽ നാട്ടുകാർക്കും ആറന്മുള പോലീസിനും കൈകൾ കൂപ്പി ഹൃദയം നിറഞ്ഞ നന്ദി പറയുകയാണ് വയോധിക. എസ് എച്ച് ഓ പ്രവീണിനൊപ്പം എസ് ഐ വിഷ്ണു, എസ് സി പി ഓ താജുദീൻ, സി പി ഓ വിഷ്ണു എന്നിവരാണ് രണ്ടു മണിക്ക് ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്