പ്രശസ്ത തെലുങ്ക് നടിയും നിര്‍മ്മാതാവുമായ ചിറ്റജല്ലു കൃഷ്ണവേണി ഫെബ്രുവരി 16 ഞായറാഴ്ച അന്തരിച്ചു. തെലുങ്ക് സിനിമയിലെ ഇതിഹാസം നന്ദമുരി താരക രാമറാവുവിനെ (എൻടിആർ) സിനിമാ രംഗത്തേക്ക് പരിചയപ്പെടുത്തിയതിന് അവർ അറിയപ്പെടുന്നു.ഹൈദരാബാദിലെ ഫിലിം നഗറിലെ വസതിയില്‍ വച്ചാണ് കൃഷ്ണവേണി അന്തരിച്ചത്. 103 വയസായിരുന്നു. തെലുങ്ക് സിനിമാ വ്യവസായത്തെ രൂപപ്പെടുത്തുന്നതിൽ ചിറ്റജല്ലു കൃഷ്ണവേണിയുടെ പങ്ക് വലുതായിരുന്നു. മല്ലി പേല്ലി (1939), ഭക്ത പ്രഹ്ലാദ (1942), ഭീഷ്മ (1944), ബ്രഹ്മരഥം (1947), ഗൊല്ലഭാമ (1947) എന്നിവയാണ് ചിറ്റജല്ലു കൃഷ്ണവേണിയുടെ ഏറ്റവും പ്രശസ്തമായ സിനിമകൾ.പശ്ചിമ ഗോദാവരി ജില്ലയിലെ ചിറ്റജല്ലുവിലെ പാങ്കിഡി ഗ്രാമത്തിലാണ് കൃഷ്ണവേണി ജനിച്ചത്. ചെറുപ്പം മുതലേ നാടകരംഗത്ത് സജീവമായ ഇവര്‍ അത് വഴിയാണ് സിനിമ രംഗത്ത് എത്തിയത്. അനസൂയ എന്ന ചിത്രത്തിലേക്ക് താരങ്ങളെ തിരയുകയായിരുന്നു തെലുങ്ക് ചലച്ചിത്ര സംവിധായകൻ സി.പുള്ളയ്യ രാജമുണ്ട്രിയിൽ വച്ച് കൃഷ്ണവേണി അഭിനയിച്ച തുലാഭാരം എന്ന നാടകം കാണുകയും അവരെ ചിത്രത്തിലെ ടൈറ്റിൽ റോളിലേക്ക് തിരഞ്ഞെടുത്തു.അന്ന് ചിറ്റജല്ലു കൃഷ്ണവേണിക്ക് വെറും പത്തു വയസ്സായിരുന്നു പ്രായം. ആദ്യ കാലത്ത് കൊല്‍ക്കത്ത ആസ്ഥാനമാക്കിയാണ് കൃഷ്ണവേണി പ്രവര്‍ത്തിച്ചത്. 1937-ൽ സി.എസ്.ആർ ആഞ്ജനേയുലുവിന്‍റെ നിര്‍ബന്ധത്തില്‍ ചെന്നൈയില്‍ എത്തിയ കൃഷ്ണവേണിയുടെ കരിയര്‍ തന്നെ മാറി.