റോഡ് നിർമാണത്തിനെന്ന പേരിൽ കേരള റോഡ് ഫണ്ട് ബോർഡ് അക്കൗണ്ടിൽ നിന്ന് അഞ്ച് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കോൺട്രാക്ടർ അറസ്റ്റിൽ. വിളപ്പിൽ പിറയിൽ സ്വദേശിയായ ഗവണ്‍മെന്‍റ് കോൺട്രാക്ടറായ പ്രദീപാണ് (54) അറസ്റ്റിലായത്. കേരള റോഡ് ഫണ്ട് ബോർഡിന്‍റെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ എസ്ബിഐ കുറവൻകോണം ശാഖയിലുള്ള അക്കൗണ്ടിൽ നിന്ന് പ്രദീപ് ഉൾപ്പെടെയുള്ള പ്രതികൾ ചേർന്ന് 4.85 കോടി തട്ടിയെടുത്തെന്നാണ് കേസ്.2021-2024 കാലയളവിലായിരുന്നു തട്ടിപ്പെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു.
ചെയ്യാത്ത ജോലിക്ക് ഇയാളുടെ അക്കൗണ്ടിലേക്ക് 1.80 കോടി ബോർഡിൽ നിന്ന് നൽകിയെന്നും കൂടാതെ 40 ലക്ഷത്തോളം രൂപ നേരിട്ട് നൽകിയെന്നും കണ്ടെത്തിയിരുന്നു.കേസിൽ മൂന്ന് പ്രതികളാണുള്ളത്. ഒന്നാം പ്രതിയായ കേരള റോഡ് ഫണ്ട് ബോർഡിലെ എക്സിക്യൂട്ടീവ് എൻജിനിയർ ജീജ ഭായ് ഒളിവിലാണ്. രണ്ടാം പ്രതിയായ ഓഫീസ് ക്ലർക്ക് സുസ്‌മി പ്രഭയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.മൂന്നാം പ്രതിയായ പ്രദീപിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.