രാജ്യത്ത് വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി അമേരിക്ക ഫണ്ട് നൽകി എന്ന വിവാദത്തിൽ പുതിയ വഴിത്തിരിവ്. 21 ദശലക്ഷം ഡോളർ അമേരിക്കയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദമാണ് ഇപ്പോൾ ഇന്ത്യയിൽ ബിജെപിക്ക് തിരിച്ചടിയായിരിക്കുന്നത്. വിവാദത്തിൽ ഇതുവരെ പ്രതിക്കൂട്ടിലായിരുന്ന മുൻ യുപിഎ സർക്കാരിനെ വിമർശിച്ച ബിജെപി, ട്രംപിന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിരോധത്തിലായി.ഇന്ത്യയിൽ തെരഞ്ഞെടുപ്പിനായി അമേരിക്ക ഫണ്ട് നൽകി എന്ന ആദ്യത്തെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് ആയിരുന്നു പ്രതിരോധത്തിൽ ഉണ്ടായിരുന്നത്. ഇന്നലെ വൈറ്റ് ഹൗസിൽ ഗവർണർമാരുടെ യോഗത്തിലാണ് വീണ്ടും ട്രംപ് ഇന്ത്യക്ക് സഹായം നൽകുന്നതായി ആവർത്തിച്ചത്. ഇന്ത്യയിലെ എന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി 21 ദശലക്ഷം ഡോളർ നൽകുന്നു എന്നായിരുന്നു തുടർച്ചയായ മൂന്നാം ദിവസത്തെ പ്രസ്താവന.ഇതിനു മുൻപുള്ള രണ്ട് പ്രസ്താവനകളിലും ആർക്കാണ് പണം നൽകിയത് എന്ന കാര്യം ട്രംപ് വ്യക്തമാക്കിയിരുന്നില്ല. ഇന്ത്യയിലെ മറ്റൊരാൾ എന്ന് മാത്രമായിരുന്നു പരാമർശിച്ചത്. പണം ഇന്ത്യയ്ക്ക് വേണ്ടിയല്ല ബംഗ്ലാദേശിനു വേണ്ടി കൈമാറിയതാണെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്തത്. ഇത്രയുമൊക്കെ സംഭവിച്ചിട്ടും കേന്ദ്രസർക്കാർ ഏജൻസികളോ അല്ല എൻജിഒകളോ ആണോ പണം സ്വീകരിച്ചതെന്ന് കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോ അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളോ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.വിവാദത്തിന് ആധാരമായ പണക്കൈമാറ്റം നടന്നതായി പറയപ്പെടുന്നത് 2012 – 13 കാലത്താണ്. ബിജെപി, കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ സർക്കാരുകളെ കുറ്റപ്പെടുത്തിയപ്പോൾ നരേന്ദ്രമോദി പ്രധാനമന്ത്രിയായി മത്സരിക്കാൻ തയ്യാറെടുക്കുന്ന സമയത്താണ് ഇന്ത്യയിലേക്ക് അമേരിക്കയുടെ പണം എത്തിയതെന്നും അണ്ണാ ഹസാരയുടെ നേതൃത്വത്തിൽ സമരം ഡൽഹിയിൽ ശക്തമായ സമയത്താണ് പണം ലഭിച്ചതെന്നും അരവിന്ദ് കേജരിവാൾ സ്വന്തം പാർട്ടി രൂപീകരിച്ച സമയമായിരുന്നു ഇതെന്നും പറഞ്ഞ് സംശയത്തിന്റെ മുന രാഷ്ട്രീയ എതിരാളികൾക്ക് മേൽ തിരിച്ചു വിടുകയാണ് കോൺഗ്രസ്.