ഇന്ന് മഹാശിവരാത്രി; ആലുവ മണപ്പുറം ഒരുങ്ങി, വൈകീട്ട് മുതല്‍ ഗതാഗത നിയന്ത്രണം

വിശ്വാസികള്‍ ഇന്ന് ശിവരാത്രി ആഘോഷിക്കുകയാണ്. കുംഭമാസത്തിലെ ചതുര്‍ദ്ദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്.വ്രതമനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് ശിവരാത്രി അനുഷഠിക്കുന്നതിലൂടെയുള്ള വിശ്വാസം. സംസ്ഥാനത്തെ ശിവക്ഷേത്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച്‌ ഒരുക്കിയിരിക്കുന്നത്.

പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങള്‍ എത്തുന്ന ആലുവ മണപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് വൈകീട്ട് ആരംഭിക്കുന്ന ഭക്തജന പ്രവാഹം കുംഭത്തിലെ അമാവാസിയായ വ്യാഴാഴ്ചയും തുടരും. ഇന്ന് രാത്രി നടക്കുന്നതു ശിവരാത്രി ബലിയും വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ നടക്കുന്നതു കുംഭത്തിലെ വാവുബലിയുമാണ്. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 6നു ലക്ഷാര്‍ച്ചന, പിതൃപൂജ, പശുദാനം, കൂട്ടനമസ്‌കാരം, സായൂജ്യ പൂജ, തിലഹവനം, രാത്രി 12നു ശിവരാത്രി വിളക്ക്, എഴുന്നള്ളിപ്പ്. തുടര്‍ന്നാണ് ബലിതര്‍പ്പണം.

ക്ഷേത്രകര്‍മങ്ങള്‍ക്കു മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്ബൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 116 ബലിത്തറകള്‍ക്കു സ്ഥലം നീക്കിവച്ചിട്ടുണ്ട്. ബലിതര്‍പ്പണത്തിനു ദേവസ്വം ബോര്‍ഡ് നിരക്ക് 75 രൂപയാണ്. അപ്പവും അരവണയും വഴിപാടു കൗണ്ടറുകളില്‍ നിന്ന് 50 രൂപ നിരക്കില്‍ ലഭിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ആഘോഷം. ഭക്തജനങ്ങള്‍ക്കു 2 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. രാത്രി ഉറക്കമൊഴിയുന്നവര്‍ക്കു ദേവസ്വം ബോര്‍ഡ് ലഘുഭക്ഷണം നല്‍കും. കൊച്ചി മെട്രോയും ദക്ഷിണ റെയില്‍വേയും കെഎസ്‌ആര്‍ടിസിയും രാത്രി സ്‌പെഷല്‍ സര്‍വീസ് നടത്തും.

ഗതാഗത നിയന്ത്രണം ഇന്ന് വൈകീട്ട് മുതല്‍

ശിവരാത്രിയോട് അനുബന്ധിച്ച്‌ 26നു വൈകീട്ട് 4 മുതല്‍ 27നു ഉച്ചയ്ക്ക് 2 വരെ ആലുവയില്‍ ദേശീയപാതയിലടക്കം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. റൂറല്‍ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ 12 ഡിവൈഎസ്പിമാരും 30 ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ 1500 പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഉണ്ടാകും. നിരത്തുകളിലും പ്രധാന കേന്ദ്രങ്ങളിലും മഫ്തി പൊലീസിനെ നിയോഗിക്കും.

മണപ്പുറത്ത് കെഎസ്‌ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും പാര്‍ക്കിങ് ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ട്. മഹാത്മാഗാന്ധി ടൗണ്‍ ഹാളിനു സമീപവും താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് ഉണ്ടാകും. 26നു രാത്രി 8 മുതല്‍ പാലസ് റോഡില്‍ ബാങ്ക് കവല മുതല്‍ മഹാത്മാഗാന്ധി ടൗണ്‍ ഹാള്‍ വരെ വാഹന ഗതാഗതം നിരോധിച്ചു.

തോട്ടയ്ക്കാട്ടുകര ജംഗ്ഷനില്‍ നിന്നു മണപ്പുറത്തേക്കും വാഹന ഗതാഗതം അനുവദിക്കില്ല. ഹൈവേകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ റോഡ് സൈഡില്‍ വാഹന പാര്‍ക്കിങ് നിരോധിച്ചു. ആലുവ പാലസിനു സമീപം കൊട്ടാരക്കടവില്‍ നിന്നു മണപ്പുറത്തേക്കു കടത്തുവഞ്ചി സര്‍വീസ് പാടില്ല. 26നു രാത്രി 10 മുതല്‍ പിറ്റേന്നു രാവിലെ 10 വരെ തൃശൂര്‍ ഭാഗത്തു നിന്നുള്ള ഹെവി വാഹനങ്ങള്‍ അങ്കമാലിയില്‍ നിന്നു തിരിഞ്ഞ് എംസി റോഡിലൂടെ പോകണം. എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള ഹെവി വാഹനങ്ങള്‍ കളമശേരിയില്‍ തിരിഞ്ഞു കണ്ടെയ്‌നര്‍ റോഡ് വഴി അത്താണി ജംഗ്ഷനിലൂടെ പോകണം.

ശിവരാത്രിയുടെ ഐതീഹ്യം

പാലാഴി മഥന സമയത്ത് ഉയര്‍ന്നു വന്ന കാളകൂട വിഷം കഴിച്ച മഹാദേവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതി ദേവി ഉറക്കമൊഴിഞ്ഞു പ്രാര്‍ത്ഥിച്ച പുണ്യ ദിനമാണ് ശിവരാത്രി എന്നാണ് വിശ്വാസികള്‍ കരുതി പോരുന്നത്. ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രി എന്നാണ് വിശ്വാസം.

അമൃത് തിരഞ്ഞുള്ള പാലാഴി മഥനത്തില്‍ ആദ്യം ഉയര്‍ന്നു വന്ന കാളകൂട വിഷം ലോകത്തെ രക്ഷിക്കുവാനായി മഹാദേവന്‍ പാനം ചെയ്തു. കാളകൂടം വിഷം ഉള്ളില്‍ ചെന്നാല്‍ ഭഗവാനും പുറത്തു ചെന്നാല്‍ ലോകത്തിനും ദോഷം ചെയ്യുമെന്നതിനാല്‍ പാര്‍വ്വതി ദേവി മഹാദേവന്റെ കണ്ഠത്തിലും വായവഴി പുറത്തുപോകാതിരിക്കുവാന്‍ വിഷ്ണു അദ്ദേഹത്തിന്റെ വായിലും പിടിച്ചു. ഇതുവഴി കാളകൂടവിഷം അദ്ദേഹത്തിന്റെ കണ്ഠത്തില്‍ ഇരിക്കുകയും അങ്ങനെ ലോകം രക്ഷപ്പെടുകയും ചെയ്തുവെന്നാണ് വിശ്വാസം. അന്നേ ദിവസം ഭഗവാനായി പാര്‍വ്വതി ദേവിയും മറ്റു ദേവഗണങ്ങളും ഉറങ്ങാതെ പ്രാര്‍ത്ഥിച്ചതിന്റെ ഓര്‍മ്മയാണ് ശിവരാത്രി എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ബലിതര്‍പ്പണം

ശിവരാത്രിയുടെ പിറ്റേന്നുള്ള ബലിതര്‍പ്പണത്തിന് ഹിന്ദുമത വിശ്വാസ പ്രകാരം പ്രാധാന്യമേറെയാണ്. അന്ന് നടത്തുന്ന ബലി തര്‍പ്പണത്തിലൂടെ പിതൃക്കള്‍ക്ക് മോക്ഷവും ജീവിച്ചിരിക്കുന്നവര്‍ക്ക് അവരുടെ അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം. ആലുവ മണപ്പുറത്തെ ബലിതര്‍പ്പണവും ശിവരാത്രി ആഘോഷവും ഏറെ പ്രസിദ്ധമാണ്.

ശിവരാത്രി വ്രതം

ശിവരാത്രി ദിവസങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് വ്രതം. ശിവരാത്രിയുടെ തലേന്ന് ഒരിക്കലെടുത്ത് വ്രതത്തിന് തുടക്കം കുറിക്കും. വൈകുന്നേരം അരിയാഹാരം ഒഴിവാക്കണം. അന്നേ ദിനത്തില്‍ അതിരാവിലെ ഉണര്‍ന്ന് ദേഹശുദ്ധി വരുത്തി ശിവക്ഷേത്ര ദര്‍ശനം നടത്തണം. രാത്രി ഒരു പോള കണ്ണടക്കാതെ ഉറക്കമൊഴിച്ചാണ് വ്രതം എടുക്കേണ്ടത്. വ്രതമെടുക്കുമ്പോള്‍ പൂര്‍ണ്ണ ഉപവാസം വേണമെന്നാണെങ്കിലും ആരോഗ്യത്തിനനുസരിച്ച്‌ തിരഞ്ഞെടുക്കാം. ക്ഷേത്രത്തിലെ നേദ്യമോ കരിക്കിന്‍ വെള്ളമോ കഴിക്കുന്നത് വ്രതത്തെ ലംഘിക്കില്ല.
പകല്‍ ഉറക്കവും എണ്ണതേച്ചുള്ള കുളിയും പാടില്ല. പിറ്റേന്ന് രാവിലെ ശുദ്ധിയായി ക്ഷേത്രത്തില്‍ പോകാം. ശിവന് കൂവളമാല സമര്‍പ്പിക്കുന്നതും കൂവള ഇല അര്‍ച്ചനയും ജലധാരയും ചെയ്താല്‍ ഈ ദിവസം വിശിഷ്ഠമാണെന്നാണ് കരുതുന്നത്.

Leave a Reply

spot_img

Related articles

കൊടും ചൂടിൽ നിന്ന് ആശ്വാസമായി വെള്ളിയാഴ്ച മുതൽ വേനൽ മഴ

കൊടും ചൂടിൽ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ വേനൽമഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്‍റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (Feb...

അഫാൻ്റെ ഉമ്മ ഷെഫിയുടെ ആരോഗ്യനില തൃപ്തികരം

അഫാൻ്റെ ഉമ്മ ഷെഫിയുടെ ആരോഗ്യ നില തൃപ്തികരം. ഷെമിക്ക് ബോധമുണ്ട്.കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും ഡോക്ടർമാർ. കൂട്ടക്കൊലപാതകത്തിനിടയിലും അഫാൻ കടം വീട്ടിയതായി പൊലീസ്. ഉമ്മ ഷമിക്ക് 65...

സമരം പൊളിക്കാൻ ബദൽ മാർച്ച്

ആലപ്പുഴയിൽ ആശാ വർ ക്കർമാരുടെ സമരം പൊളി ക്കാൻ ബദൽ മാർച്ചുമായി സി.ഐ.ടി.യു. ആശാ വർക്കേഴ്സ് യൂണി യൻ ( സി.ഐ.ടി.യു ) മാർ...

നിലമ്പൂരില്‍ കാട്ടാനയുടെ ജഡം; കൊമ്പ് കാണാനില്ല

നിലമ്പൂര്‍ നെല്ലിക്കുത്ത് വനത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. ജഡത്തിന് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം.ചരിഞ്ഞ ആനയുടെ കൊമ്പുകള്‍ കാണാനില്ല. ചരിഞ്ഞ ആനയുടെ ജഡത്തിലെ കൊമ്പുകള്‍...