മ്യാൻമർ അതിർത്തിക്കടുത്തുള്ള തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിൽ അത്യാധുനിക റഡാർ സംവിധാനം ചൈന സ്ഥാപിച്ചത് ഇന്ത്യക്ക് വെല്ലുവിളി. പുതുതായി സ്ഥാപിച്ച ലാർജ് ഫേസ്ഡ് അറേ റഡാർ (LPAR) 5,000 കിലോമീറ്ററിലധികം നിരീക്ഷണ ശേഷിയുള്ളതാണ്. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയടക്കം രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ ശേഷിയുള്ളതാണ് ചൈനയുടെ ഈ നൂതന റഡാറെന്നാണ് വിവരം.ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങൾ തത്സമയം കണ്ടെത്താനും ട്രാക്ക് ചെയ്യാനും ചൈനയ്ക്ക് ഈ സംവിധാനത്തിലൂടെ സാധിക്കും. ഇന്ത്യൻ മഹാസമുദ്രത്തിലേക്കടക്കം നിരീക്ഷണം നടത്താൻ ശേഷിയുള്ളതാണ് റഡാർ. ഡോ. എപിജെ അബ്ദുൾ കലാം ദ്വീപ് പോലുള്ള പ്രധാന സ്ഥലങ്ങളിൽ നിന്ന് ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾ ഫലപ്രദമായി നിരീക്ഷിക്കാൻ ഇത് സഹായിക്കും.അഗ്നി-5, കെ-4 പോലുള്ള നൂതന ബാലിസ്റ്റിക് മിസൈലുകളുടെ നിർണായക പരീക്ഷണ കേന്ദ്രങ്ങൾ ഈ മേഖലയിലാണ്. മിസൈൽ പാതകൾ, വേഗത, ദൂരം എന്നിവയെക്കുറിച്ചുള്ള സുപ്രധാന ഡാറ്റ പിടിച്ചെടുക്കുന്നതിലൂടെ, ചൈനയ്ക്ക് ഇന്ത്യയുടെ പ്രതിരോധ ശേഷി സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിക്കും. ഇതിലൂടെ സ്വന്തം പ്രതിരോധ ശേഷി വികസിപ്പിക്കാനും അവർക്ക് സാധിക്കും.ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ കാര്യമായ മാറ്റങ്ങൾ ഇല്ലെന്നിരിക്കെ, ഇന്ത്യയുടെ അതിർത്തിക്ക് സമീപം ചൈനയുടെ നിരീക്ഷണ സൗകര്യം വികസിപ്പിക്കുന്നത് സുരക്ഷയും സൈനിക തയ്യാറെടുപ്പ് സംബന്ധിച്ചും ആശങ്ക ഉയർത്തുന്നുണ്ട്. ഇതിന് മറുപടിയായി, ചൈനീസ് നിരീക്ഷണത്തിൽ നിന്ന് പ്രതിരോധ സംരംഭങ്ങളെ സംരക്ഷിക്കുന്നതിനായി ഇന്ത്യ നിരീക്ഷണ നടപടികളും ബദൽ മിസൈൽ പരീക്ഷണ തന്ത്രങ്ങളും പര്യവേക്ഷണം ചെയ്യുന്നതായി വിവരമുണ്ട്.