പ്രിത്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിയായത്ത് ബുദ്ധയുടെ ചിത്രീകരണം അവസാനിച്ചു. പ്രിത്വിരാജ് സുകുമാരൻ തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ വാർത്ത ആരാധകരെ അറിയിച്ചത്. ജി.ആർ ഇന്ദുഗോപന്റെ ഏറെ ജനപ്രീതി നേടിയ നോവലിന്റെ സിനിമാറ്റിക്ക് അഡാപ്റ്റേഷന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടൻ ആണ്.ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടയിൽ പ്രിത്വിരാജിന് സാരമായ പരിക്ക് പറ്റിയത് വാർത്തയായിരുന്നു. ഇതിനിടയിൽ മറ്റ് ചിത്രങ്ങളുടെ ചിത്രീകരണവും പ്രമോഷൻ ജോലികളും കാരണം വിലായത്ത് ബുദ്ധയുടെ ഷൂട്ട് നീണ്ടു പോയിരുന്നു. തനിക്ക് പറ്റിയ പരിക്കിനേയും നീണ്ടുപോയ ചിത്രീകരണ കാലയളവും സൂചിപ്പിച്ചു കൊണ്ടാണ് താരം ഇപ്പോൾ ചിത്രം പായ്‌ക്കപ്പായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.“രണ്ടിലധികം വർഷങ്ങൾ, വിണ്ടു കീറിയ ACL (ആന്റീരിയർ ക്രൂഷിയേറ്റ് ലിഗമെന്റ്), കീറിയ മെനിസ്‌കസ്, പുനർസ്ഥാപിച്ച തരുണാസ്ഥി, ഒടുവിൽ വിലായത്ത് ബുദ്ധയിലെ ഡബിൾ മോഹനൻ അവസാന റാപ്പിലേയ്ക്ക് എത്തിയിരിക്കുന്നു. ഒന്നിലധികം വഴികളിലൂടെയായുള്ള ഒരു യാത്രയായിരുന്നു” പ്രിത്വിരാജ് കുറിച്ചു.പ്രിത്വിരാജിനൊപ്പം പ്രിയംവദ കൃഷ്ണനും അസുരൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടീജേ അരുണാസലാം, ഷമ്മി തിലകൻ, ആണ് മോഹൻ, രമേശ് കോട്ടയം, പ്രമോദ് വെളിയനാട് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജേക്ക്സ് ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഉർവശി തിയറ്റേഴ്‌സ് ആണ്.