ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ ഏകദിന മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. 35 കാരനായ താരം ട്വന്റി-20, ടെസ്റ്റ് മത്സരങ്ങളില്‍ തുടരും. ഇന്നലത്തെ തോല്‍വിക്ക് പിന്നാലെ തന്നെ വിരമിക്കല്‍ കാര്യം സ്മിത്ത് സഹതാരങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇന്നലത്തെ മത്സരത്തില്‍ 73 റണ്‍സ് നേടി ആസ്‌ട്രേലിയയുടെ ടോപ് സ്‌കോററും സ്മിത്തായിരുന്നു. ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ഏകദിന താരങ്ങളിലൊരാളായാണ് സ്മിത്തിനെ കണക്കാക്കുന്നത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനത്തില്‍ അരങ്ങേറിയ സ്മിത്ത് 170 മത്സരങ്ങളില്‍ നിന്നായി 5800 റണ്‍സ് നേടിയിട്ടുണ്ട്. 12 സെഞ്ചുറികളും 35 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്.ലെഗ് സ്പിന്നര്‍ കൂടിയായ സ്മിത്ത് 28 വിക്കറ്റുകളും സ്വന്തമാക്കി. 2015ലും 2023ലും ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു.