ആലപ്പുഴയിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ സ്വന്തം ജീവൻ പോലും മറന്ന് രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിഷാദാണ് യുവാവിനെ രക്ഷിച്ചത്. ‘ടാ ചാടല്ലേടാ… പ്ലീസ്’ എന്ന് അലറിവിളിച്ച് ഓടിവന്നു രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു.ആലപ്പുഴയിലെ ഹരിപ്പാട് ബ്രഹ്മാണ്ഡ വിലാസം സ്കൂളിനും തൃപ്പക്കുടം റെയിൽവേ ക്രോസിനും ഇടയിൽ കാട് പിടിച്ച സ്ഥലത്താണ് സംഭവം. ട്രെയിൻ വന്നുകൊണ്ടിരുന്ന ട്രാക്കിലൂടെ ഓടിയെത്തിയ നിഷാദ് യുവാവിനെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.യുവാവിനെ കാണാനില്ലെന്ന് രാവിലെ സ്റ്റേഷനില്‍ നിന്ന് അറിയിച്ചിരുന്നു. ലൊക്കേഷൻ നോക്കിയപ്പോൾ റെയിൽവേ ട്രാക്കിന് അടുത്താണ് കാണിച്ചതെന്നും ഉടൻ തന്നെ അങ്ങോട്ടേക്ക് പുറപ്പെടുകയുമായിരുന്നുവെന്നും നിഷാദ് പറഞ്ഞു.ഗേറ്റ് കീപ്പറോട് അന്വേഷിച്ചപ്പോൾ ഒരാൾ ട്രാക്കിൽ നില്‍ക്കുന്നുണ്ടെന്ന് തോന്നുന്നുവെന്നും ഹരിപ്പാട് നിന്ന് ഒരു ട്രെയിൻ വരുന്നുണ്ടെന്നും പറഞ്ഞു. അതുകേട്ടപ്പോൾ ട്രാക്ക് വഴി യുവാവിന് അടുത്തേക്ക് ഓടുകയായിരുന്നു നിഷാദ്. അലർച്ച കേട്ട് യുവാവ് ട്രാക്കിൽ നിന്ന് പുറത്തേക്ക് ഓടി മാറുകയായിരുന്നു. എന്തിനാടാ ചാടാൻ പോയേ എന്ന് പൊലീസ് ഉദ്യോഗസ്ഥൻ യുവാവിനോട് ചോദിച്ചു. സാർ ഇപ്പോ വിളിച്ചില്ലേൽ താൻ ചാടുമായിരുന്നുവെന്നായിരുന്നു യുവാവിന്റെ മറുപടി.