കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച ട്രെയിനിയായ മെയില്‍ നഴ്‌സ് അറസ്റ്റില്‍. കോട്ടയം മാഞ്ഞൂര്‍ സൗത്ത് ചരളേല്‍ ആന്‍സണ്‍ ജോസഫി (24) നെയാണ് ഗാന്ധിനഗര്‍ പോലീസ് പിടികൂടിയത്. ഐടി ആക്‌ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയും മറ്റ് നഴ്സിങ് അസിസ്റ്റന്റുമാരും അടക്കമുള്ളവര്‍ വസ്ത്രം മാറുന്ന ചേഞ്ചിങ് മുറിയില്‍ നിന്നും ഇന്നലെ ഓണ്‍ ആക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു. ബി.എസ്.സി നഴ്സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ചേഞ്ചിങ് മുറിയില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന്, ഇവര്‍ വിവരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരെയും പിന്നീട് ഗാന്ധിനഗര്‍ പോലീസിനെയും അറിയിക്കുകയായിരുന്നു.