വിദേശ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുളള വായ്പാ ധനസഹായപദ്ധതിയായ നോര്‍ക്ക ശുഭയാത്രയ്ക്ക് തുടക്കമായി. പദ്ധതിയില്‍ ഭാഗമായുളള ആദ്യ കരാര്‍ ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുമായി നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി,സെക്രട്ടറി ഇൻ ചാർജ് എ വി അമലിന് കൈമാറി. ജി.സി.സി രാജ്യങ്ങളിലുള്‍പ്പെടെ വിദേശത്ത് മികച്ച നൈപുണ്യമുളള നിരവധി തൊഴില്‍ മേഖലകളില്‍ (പ്ലംബിങ്, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍ തുടങ്ങി) നിരവധി ഒഴിവുകളുണ്ട്.ഇത്തരം സാധ്യതകള്‍ പ്രയേജനപ്പെടുത്തുന്നതിനായുളള നൈപുണ്യ വികസന പരിശീലനത്തിനും പദ്ധതി സഹായകരമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അര്‍ഹരായ എല്ലാവരേയും പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറും, ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ കെ സി സജീവ് തൈക്കാടും വ്യക്തമാക്കി. നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി ഡയറക്ടർ മാരായ എ നാസറുദ്ധീൻ, ആർ സതികുമാർ, റഷീദ് റസ്റ്റം, എം നാസർ പൂവച്ചൽ നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.