കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പൂർവ വിദ്യാർത്ഥികള്‍ പിടിയില്‍.ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്. പിടിയിലായ വിദ്യാർത്ഥികളുടെ മൊഴിയില്‍ നിന്നാണ് പൂർവ്വ വിദ്യാർത്ഥികള്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചത്. കഴിഞ്ഞ വർഷം ക്യാമ്ബസില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമൻ്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.
കോളേജ് ഹോസ്റ്റലില്‍ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പൊലീസ് ഇന്നലെ പിടിച്ചെടുത്തത്. സംഭവത്തില്‍ 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. ചെറിയ അളവാണ് പിടിച്ചെടുത്തത് എന്ന കാരണം പറഞ്ഞാണ് അഭിരാജിനെയും ആദിത്യനെയും പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. എന്നാല്‍ എസ്‌എഫ്‌ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ പൊലീസ് നടപടിയെന്ന വിമര്‍ശനമാണ് ഉയരുന്നത്.