കായിക വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകി അടുത്ത അധ്യയന വർഷം മുതൽ എല്ലാ വിദ്യാലയങ്ങളിലും ഹെൽത്തി കിഡ്‌സ് എന്ന പേരിൽ പാഠപുസ്തകങ്ങൾ ഒരുക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്മാൻ.ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി വലപ്പാട് ഗവ. സ്കൂൾ ഗ്രൗണ്ട് നവീകരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രൈമറി തലത്തിൽ തയ്യാറാക്കുന്ന ഹെൽത്തി കിഡ്‌സ് പാഠപുസ്‌തകങ്ങളുടെ പരിശീലനം അവധിക്കാലത്ത് അധ്യാപകർക്ക് നൽകും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കായികരംഗത്തെ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ലഭ്യമാകുന്നതിന് പിജി കോഴ്സുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ കായിക നയം രൂപീകരിച്ച് 196 പഞ്ചായത്തുകളിൽ കളിക്കളം നിർമ്മിച്ചു. നിരവധി പഞ്ചായത്തുകളിൽ നിർമ്മാണം പുരോഗമിക്കുകയാണ്. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 49 സ്റ്റേഡിയങ്ങൾ നിർമ്മിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.