മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍.ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് മുതൽ അദ്ദേഹം ചികിത്സയ്ക്കു വിധേയനായി തുടങ്ങും. അഞ്ചു ദിവസത്തെ പ്രോട്ടോണ്‍ തെറാപ്പിയാണ് നടത്തുന്നത്. അതിനായി അദ്ദേഹം ഇന്ന് ആശുപത്രിയില്‍ എത്തും. ദിവസവും ചെന്നൈയിലെ വീട്ടിൽ നിന്നും പോയി വന്ന് ചികിത്സ തേടാനാവും.
എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുപോലെ യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേതന്നെ രോഗനിര്‍ണയം നടന്നതിനാല്‍ പ്രാഥമിക ചികിത്സകൊണ്ട് നടന് പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്താനാവും.ഭാര്യ സുല്‍ഫത്ത്, മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍, ഭാര്യ അമല്‍ സൂഫിയ, മകള്‍ സുറുമി, മകളുടെ ഭര്‍ത്താവ് ഡോ. മുഹമ്മദ് റെഹാന്‍ സയിദ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ട്.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിച്ചുവരികയായിരുന്നു മമ്മൂട്ടി. മോഹന്‍ലാലും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയന്‍താരയുമുള്‍പ്പെടെ വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണിത്.