സർക്കാർ ജീവനക്കാരുടെ പ്രോവിഡൻറ് ഫണ്ടിൽ ലയിപ്പിച്ച 4 ഗഡു ക്ഷാമബത്ത (ഡിഎ) കുടിശികയുടെ പകുതി തുക പിൻവലിക്കാൻ അനുമതി നൽകി ധനവകുപ്പ് ഉത്തരവിറക്കി. സാമ്പത്തിക പ്രതിസന്ധി കാരണം, കാലാവധി കഴിഞ്ഞിട്ടും നീട്ടിക്കൊണ്ടു പോയ വിലക്ക് ആണ് ഇപ്പോൾ ഭാഗികമായി ഒഴിവാക്കിയത്. 2019 ജനുവരി 1 (3%), ജൂലൈ 1 (5%), 2020 ജനുവരി 1 (4%), ജൂലൈ 1 (4%) തീയതികളിൽ അനുവദിച്ച ഡിഎയുടെ കുടിശിക പ്രോവിഡൻ്റ് ഫണ്ടിൽ ലയിപ്പിച്ചിരിക്കുന്നു. ഇവ യഥാക്രമം 2023 ഏപ്രിൽ 1, സെപ്റ്റംബർ 1, 2024 ഏപ്രിൽ 1, സെപ്റ്റംബർ 1 തീയതികൾക്കു ശേഷം പിഎഫിൽ നിന്നു പിൻവലിക്കാം എന്നായിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം താൽക്കാലിക തീയതി നീട്ടി. ഇതിൽ പകുതി തുക പിൻവലിക്കാനാണ് ഇപ്പോൾ അനുമതി നൽകിയത്.