മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരളത്തിനായുള്ള പുതു നിർദേശങ്ങളിൽ വിയോജിപ്പ് ഉയർന്നെന്ന് സമ്മതിച്ച് പാർട്ടി മുഖപത്രം. ജനങ്ങളെ വിശ്വാസത്തിലെടുത്തേ നിർദേശങ്ങൾ നടപ്പാക്കാവൂ എന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടതായി സിപിഎം മുഖപത്രമായ പീപ്പിൾസ് ഡമോക്രസി വെളിപ്പെടുത്തി.പരമ്പരാഗത മേഖലകളെ സംരക്ഷിക്കണം എന്ന നിർദേശം ഉയർന്നുവന്നു.സമഗ്ര ചർച്ചയ്ക്ക് ശേഷമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് പീപ്പിൾസ് ഡമോക്രസിയിലെ റിപ്പോർട്ടിൽ പറയുന്നു.
സാധാരണ സിപിഎം സമ്മേളനത്തിൽ നടക്കുന്ന ചർച്ചകളുടെ വിശദാംശങ്ങൾ മുഖപത്രത്തിൽ നൽകാറില്ല.എന്നാൽ ഇത്തവണ വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്.’നവകേരളത്തിനുള്ള പുതുവഴികൾ’ എന്ന റിപ്പോർട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച ശേഷം 27 പേർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.ചില മുന്നറിയിപ്പുകൾ ചില പ്രതിനിധികൾ നൽകി എന്നാണ് പീപ്പിൾസ് ഡമോക്രസിയിലെ റിപ്പോർട്ടിൽ പറയുന്നത്.ജനങ്ങളെ വിശ്വാസത്തിലെടുക്കണം. പരമ്പരാഗത തൊഴിൽ മേഖലകളെ സംരക്ഷിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.ന്യൂനപക്ഷ, ദളിത് വിഭാഗങ്ങൾക്കിടയിൽ പാർട്ടി അംഗസംഖ്യ കുറയുന്നു.പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ ബിജെപിയുടെ കടന്നുകയറ്റത്തിൽ ആശങ്ക ഉയർന്നെന്നും മുഖപത്രം ചൂണ്ടിക്കാട്ടി.
സഹകരണ മേഖലയിലെ അഴിമതിയും സ്വജന പക്ഷപാതവും ചർച്ചയായെന്നും പീപ്പിൾസ് ഡമോക്രസിയിലെ റിപ്പോർട്ടിൽ പറയുന്നു.വൻ തോതിൽ സ്വകാര്യ നിക്ഷേപം എത്തിക്കാനുള്ള വമ്പൻ മാറ്റങ്ങൾക്കുള്ള നിർദ്ദേശങ്ങളാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന രേഖയിലുള്ളത്. വ്യവസായ, ടൂറിസം മേഖലകളിലടക്കം സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതിനും നഷ്ടത്തിലായ പൊതുമേഖലകളെ പിപിപി മാതൃകയിൽ മാറ്റുന്നതിനുമുള്ള പ്രകടമായ നയം മാറ്റത്തിന്‍റെ സൂചനയും നയരേഖയിലുണ്ട്. മികച്ച പ്രകടനം ഇല്ലാത്തതും നഷ്ടത്തിലുമായ പൊതുമേഖല സ്ഥാപനങ്ങളിൽ പിപിപി മാതൃകയിൽ നിക്ഷേപം കൊണ്ടുവരണമെന്നാണ് നയരേഖയിൽ വ്യക്തമാക്കുന്നത്.അതേസമയം പാർട്ടി നയങ്ങൾക്ക് അകത്ത് നിന്നാണ് നയരേഖയെന്നും നടത്തിപ്പിൽ സുതാര്യത ഉണ്ടാകുമെന്നും മുഖ്യമന്ത്രി സമ്മേളനത്തിലെ ചർച്ചയ്ക്ക് മറുപടി നൽകി.ജനങ്ങളോട് കാര്യങ്ങൾ വിശദീകരിച്ച ശേഷമായിരിക്കും നടത്തിപ്പ്.സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് ജനം അനുകൂലമാണെന്നും അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.