ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കുന്നതിനിടെ കണക്കില്‍ പെടാത്ത പണം കണ്ടെത്തി.തീപിടിത്തം നടക്കുമ്ബോള്‍ ജഡ്ജി വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും മക്കളുമാണ് പോലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചത്. ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചതിന് ശേഷം പരിശോധന നടത്തിയപ്പോളാണ് ഒരു മുറിയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. പണം കണ്ടെത്തിയ വിവരം സര്‍ക്കാരിന്റെ ഉന്നതതലങ്ങളിലുമെത്തി. അവര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ വിവരമറിയിച്ചു.
ഇതോടെ സുപ്രിംകോടതി കൊളീജിയത്തിന്റെ എമര്‍ജന്‍സി യോഗം നടന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ച് അയക്കാന്‍ കൊളീജിയം തീരുമാനിച്ചതായാണ് സൂചന. അതേ സമയം ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ ജസ്റ്റിസ് യശ്വന്ത് വര്‍മയോട് രാജിവയ്ക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കണമെന്ന് കൊളീജിയത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. നിലവില്‍ ഡല്‍ഹി ഹൈക്കോടതി കൊളീജിയത്തിലെ അംഗമാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ. ഡല്‍ഹി ഹൈക്കോടതിയിലെ സീനിയോറിറ്റിയില്‍ മൂന്നാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. 2014ല്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് വര്‍മ 2021 ലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ എത്തുന്നത്. അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി എ എന്‍ വര്‍മയുടെ മകനുമാണ്.