സിഐടിയുക്കാരുടെ കൈവെട്ടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ്. തങ്ങളെ എതിർക്കാൻ വന്നാൽ സിഐടിയു പ്രവർത്തകരുടെ കൈവെട്ടി നടുറോഡിൽ വലിച്ചെറിയുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടയിൽ. കുളപ്പുള്ളിയിൽ സിഐടിയു പ്രവർത്തകരും വ്യാപാരിയും തമ്മിൽ നിലനിൽക്കുന്ന തൊഴിൽ തർക്കത്തിനിടെ വ്യാപാരികൾ നടത്തിയ ധർണ്ണയിലാണ് വിവാദ പരാമർശം.കുളപ്പുള്ളിയിലെ പ്രകാശ് സ്റ്റീൽസ് ആൻഡ് സിമന്റ് കടയുടമ ജയപ്രകാശിന് പിന്തുണ പ്രഖ്യാപിച്ച് നടത്തി പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിവാദ പ്രസംഗം നടത്തിയത്. കോടതി വിധി ഞങ്ങൾ നടപ്പാക്കുക തന്നെ ചെയ്യുമെന്നും പൊട്ടക്കിണറ്റിലെ തവളകൾ മാത്രമാണ് സിഐടിയു പ്രവർത്തകർ എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് വിവാദ പരാമർശം ഉണ്ടായത്. പ്രകാശ് സ്റ്റീൽസ് ആൻഡ് സിമന്റ് കടയുടമ ജയപ്രകാശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 22ന് ജില്ലയിൽ വ്യാപാരി ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.സിമൻറ് ചാക്കുകൾ കയറ്റി ഇറക്കാൻ യന്ത്രം വെച്ചതിനെ ചൊല്ലിയാണ് സിഐടിയുമായുണ്ടായ തർക്കം ആരംഭിച്ചത്. നാല് മാസം മുൻപായിരുന്നു കയറ്റിറക്ക് യന്ത്രം എത്തിച്ചിരുന്നത്. കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനാൽ തൊഴിൽ നഷ്ടമുണ്ടായെന്ന് ആരോപിച്ച് സിഐടിയു സമരം തുടങ്ങി. ഇതോടെ ലോഡ് ഇറക്കാൻ പോലും ആകാത്ത സ്ഥിതിയായിരുന്നു. പിന്നാലെ കടയുടമ കട അടക്കാൻ തീരുമാനിച്ചിരുന്നു.