2025 കോണ്‍ഗ്രസിന്റെ പുനര്‍ജനി വര്‍ഷമായിരിക്കുമെന്ന് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മഹാത്മാഗാന്ധിയുടെ ആശയദൃഢതയും സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രായോഗികശൗര്യവും ഒത്തിണങ്ങിയ പുതിയ കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുമെന്ന് അഹമ്മദാബാദ് എഐസിസി സമ്മേളനത്തിന്റെ പ്രഖ്യാപനം.
2025, കോണ്‍ഗ്രസിന്റെ പുനര്‍ജനി വര്‍ഷമായിരിക്കുമെന്ന് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും പറഞ്ഞു. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ വിശ്രമിക്കുകയും ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ വിരമിക്കുകയും ചെയ്യണമെന്ന് ഖാര്‍ഗെ മുന്നറിയിപ്പു നല്‍കി. പാര്‍ട്ടിയുടെ ആശയവും ഭരണഘടനയും പ്രതിരോധിക്കേണ്ടത് ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും ഉത്തരവാദിത്വവും ചുമതലയുമാണെന്ന് രാഹുലും പറഞ്ഞു. പുനഃസംഘടനയുടെ ഭാഗമായി ഡിസിസികളെ എഐസിസിയുടെ കര്‍ശനമാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ സമ്മേളനം തീരുമാനിച്ചു.