ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നടിയുടെ പ്രസ്താവനയ്ക്കെതിരെ നിരവധി വിമർശനങ്ങൾ വന്നിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വിശദീകരണമെന്ന നിലയിലാണ് പുതിയ വെളിപ്പെടുത്തലുമായി വിൻ സി. എത്തിയത്. ലഹരി ഉപയോഗിച്ച ആളിൽ നിന്ന് തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അവർ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ ആ സെറ്റിൽ പിന്നീട് തുടർന്നതെന്നും വിൻ സി. പറയുന്നു.വിൻസിയുടെ വാക്കുകൾ ഇങ്ങനെ: കുറച്ച് ദിവസങ്ങള്‍ക്ക് ലഹരി വിരുദ്ധ ക്യാംപെയ്‌നുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടെ ഒരു കാര്യം പറഞ്ഞിരുന്നു. എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി താനിനി സിനിമ ചെയ്യില്ല. ആ പറഞ്ഞത് വെച്ചുളള പോസ്റ്റുകള്‍ പലരും ഷെയര്‍ ചെയ്തതിന്റെ കമന്റ് സെക്ഷന്‍ വായിച്ചപ്പോള്‍ തോന്നി കുറച്ച് കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ട് എന്ന്..ആളുകള്‍ പല പല കാര്യങ്ങളാണ് പറയുന്നത്. എന്തുകൊണ്ട് താന്‍ അങ്ങനെ പറഞ്ഞു എന്ന് വ്യക്തമാക്കിയാല്‍ പിന്നെ ആളുകള്‍ക്ക് പല കഥകള്‍ പറയേണ്ടതില്ലല്ലോ. താനൊരു സിനിമയുടെ ഭാഗമായപ്പോള്‍ അതിലെ ഒരു പ്രധാന താരത്തില്‍ നിനിന്നും ഉണ്ടായ അനുഭവം ആണ് കാരണം. അദ്ദേഹം ലഹരി ഉപയോഗിച്ച് മോശമായ രീതിയില്‍, പറഞ്ഞാലും മനസ്സിലാവാത്ത രീതിയില്‍ പെരുമാറി.ഉദാഹരണത്തിന്റെ, തന്റെ ഡ്രസ്സിന് ഒരു കുഴപ്പം വന്ന് അത് മാറാന്‍ പോകുമ്പോള്‍, ഞാനും കൂടി വരാം, ഞാന്‍ വേണമെങ്കില്‍ റെഡിയാക്കി തരാം എന്നൊക്കെ എല്ലാവരുടേയും മുന്നില്‍ വെച്ച് പറയുന്ന രീതിയില്‍ ഉളള പെരുമാറ്റമൊക്കെ ആയിരുന്നു. സഹകരിച്ച് മുന്നോട്ട് പോകാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഒരു സീന്‍ റിഹേഴ്‌സല്‍ ചെയ്യുന്നതിനിടയില്‍ അദ്ദേഹം ഒരു വെളുത്ത പൊടി മേശയിലേക്ക് തുപ്പി. സിനിമാ സെറ്റില്‍ ഡ്രഗ്‌സ് ഉപയോഗിക്കുന്നുണ്ട് എന്നുളളത് വളരെ വ്യക്തമാണ്.പേഴ്‌സണല്‍ ലൈഫില്‍ ഇത് ഉപയോഗിക്കുക, ഉപയോഗിക്കാതിരിക്കുക എന്നതൊക്കെ മറ്റൊരു വശമാണ്. സിനിമാ സെറ്റില്‍ ഇത് ഉപയോഗിച്ച് മറ്റുളളവര്‍ക്ക് ശല്യമാകുമ്പോള്‍ അവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്. തനിക്ക് അങ്ങനെ ജോലി ചെയ്യാന്‍, അത്രയും ബോധം ഇല്ലാത്ത ഒരാളുടെ കൂടെ ജോലി ചെയ്യണം എന്നും താല്‍പര്യമില്ല. തനിക്ക് ഇത്തരം ബുദ്ധിമുട്ട് ഉണ്ടായത് സെറ്റില്‍ എല്ലാവരും അറിഞ്ഞു. സംവിധായകന്‍ പോയി സംസാരിച്ചു. അവര്‍ക്ക് എങ്ങനെയെങ്കിലും അദ്ദേഹത്തെ വെച്ച് ആ സിനിമ തീര്‍ക്കണം എന്നുളള നിസഹായാവസ്ഥ കൂടി താന്‍ കണ്ടു. തനിക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നിയ സാഹചര്യങ്ങളില്‍ അവരൊക്കെ പ്ലീസ് എന്ന് പറഞ്ഞ് തന്നെ കംഫര്‍ട്ടബിള്‍ ആക്കിയത് കൊണ്ട് മാത്രമാണ് അതില്‍ മുന്നോട്ട് പോയത്. വളരെ കുറച്ച് ദിവസങ്ങളാണ് ബാക്കിയുണ്ടായിരുന്നത്. അത് എങ്ങനെയൊക്കെയോ കടിച്ച് പിടിച്ച് തീര്‍ത്തു..