പൊതുദർശനം അവസാനിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയില്‍ നടത്തും.ഇന്നലെ രാത്രി എട്ടിന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന പ്രാർഥനകള്‍ക്കിടെ കമർലെങ്കോ കര്‍ദിനാള്‍ കെവിൻ ഫാരെലൻ മൃതദേഹപേടകം അടച്ചു. ഇന്നു ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കും. കർദിനാള്‍ തിരുസംഘത്തിന്‍റെ തലവൻ കർദിനാള്‍ ജൊവാന്നി ബാത്തിസ്ത റെ മുഖ്യകാർമികത്വം വഹിക്കും. സംസ്കാരശുശ്രൂഷകള്‍ക്കുശേഷം ഭൗതികദേഹം വിലാപയാത്രയായി റോമിലെ പരിശുദ്ധ കന്യാകാമറിയത്തിന്‍റെ വലിയ പള്ളിയിലേക്ക് കൊണ്ടുപോകും.
റികണ്‍സിലിയേഷന്‍ റോഡ്, വിക്ടർ ഇമ്മാനുവല്‍ പാലം, വിക്ടർ ഇമ്മാനുവല്‍ കോഴ്സ്, വെനീസ് ചത്വരം, റോമൻ ഫോറം, കൊളോസിയം, ലാബിക്കാന റോഡ്, മെരുളാന റോഡ് വഴിയാണ് വിലാപയാത്ര കടന്നുപോവുക. കബറടക്കം ലളിതവും സ്വകാര്യവുമായ ചടങ്ങായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. അന്പതോളം പേർ മാത്രമേ സംസ്കാരകർമത്തില്‍ സംബന്ധിക്കുകയുള്ളൂ.രാഷ്ട്രപതി ദ്രൗപതി മുർമു, യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ, ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, അർജന്‍റീന പ്രസിഡന്‍റ് ഹവിയർ മിലൈ, ഫിലിപ്പീൻസ് പ്രസിഡന്‍റ് ഫെർഡിനൻഡ് മാർകസ്, യുഎൻ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ,കേന്ദ്രമന്ത്രി കിരണ്‍ റിജിജു, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, കേരള സർക്കാരിന്‍റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ തുടങ്ങിയവർ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.