മലയാള സിനിമയെ വേറിട്ട തലങ്ങളിൽ എത്തിച്ച അസാമാന്യ പ്രതിഭയായിരുന്നു ഷാജി എൻ കരുൺ. ഛായാഗ്രാഹകനായി തുടങ്ങിയ സിനിമാ ജീവിതമാണ് പില്ക്കാലത്ത് വിഖ്യാത സംവിധായകൻ എന്ന നിലയിലേയ്ക്കെത്തിയത്.അദ്ദേഹത്തിന്റെ കന്നി ചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമാണ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. 2011 ലെ പത്മശ്രീ അവാർഡിനർഹനായി. കൊല്ലം ജില്ലയിൽകണ്ടചിറയിൽ എൻ. കരുണാകരന്റേയും ചന്ദ്രമതിയുടേയും മൂത്ത പുത്രനായിട്ടാണ് ഷാജി ജനിച്ചത്. 1963 ൽ അവരുടെ കുടുംബം തിരുവന്തപുരത്തേക്ക് മാറി. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞു. 1971 ൽ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. സംസ്ഥാന ചലചിത്ര അക്കാദമി രൂപപ്പെട്ടപ്പോൾ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സംവിധായകനായ ജി. അരവിന്ദനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി.അദ്ദേഹത്തിന്റെ കീഴിൽ ഷാജി ഛായാഗ്രാഹകനായി കൂടി. കൂടാതെ പ്രശസ്ത സംവിധായകരായ കെ ജി ജോർജ്, എം ടി വാസുദേവൻ നായർ എന്നിവരുടെ കൂടെയും ഷാജി ജോലി ചെയ്യാൻ തുടങ്ങി. അദ്ദേഹത്തിന്റെ ക്യാമറ/ഛായാഗ്രഹണം മലയാള സിനിമക്ക് ഒരു പ്രത്യേക മാനം തന്നെ നൽകി.