ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടല്‍ വേണമെന്നും ഐക്യരാഷ്ട്ര സഭയോട് (യു എൻ) ആവശ്യപ്പെട്ട് പാകിസ്ഥാൻ.ഇതുസംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും അദ്ദേഹം അറിയിച്ചു. യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടസിനോടാണ് പാകിസ്ഥാൻ ഇടപെടല്‍ തേടിയിരിക്കുന്നത്. ഇന്ത്യ 36 മണിക്കൂറിനുള്ളില്‍ ആക്രമിക്കാൻ പദ്ധതിയിടുന്നതായി തെളിവ് ലഭിച്ചെന്ന് പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രിയും പറഞ്ഞിരുന്നു.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകവേ സ്ഥിതി വഷളാക്കാതെ നോക്കാൻ ഇന്ത്യയോടും പാകിസ്ഥാനോടും അമേരിക്ക അറിയിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്താൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറെ വിളിക്കും. സൗഹൃദമുള്ള മറ്റ് രാജ്യങ്ങളും വിഷയത്തില്‍ ഇടപെടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ച പാകിസ്ഥാന് സൈനികതലത്തില്‍ തിരിച്ചടി നല്‍കാൻ ഇന്ത്യയുടെ തീരുമാനം. എവിടെ, എപ്പോള്‍, എങ്ങനെ പ്രഹരിക്കണമെന്നും ആക്രമണത്തിന്റെ വ്യാപ്തി എന്തായിരിക്കണമെന്നും തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി സേനാവിഭാഗങ്ങള്‍ക്ക് നല്‍കിയതോടെ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയിലായി രാജ്യം. ദേശീയ സുരക്ഷാ കാര്യങ്ങളില്‍ നിർണായക തീരുമാനമെടുക്കുന്ന മന്ത്രിതല സമിതി ഇന്നു രാവിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ആക്രമണത്തിനുശേഷം പ്രധാനമന്ത്രി അദ്ധ്യക്ഷനായ സുരക്ഷാ സമിതിയുടെ രണ്ടാം യോഗമാണ് ഇന്ന് രാവിലെ 11ന് ചേരുക.