ഉമ്മൻ ചാണ്ടിയുടെ ചോരയും വിയർപ്പുമാണ് വിഴിഞ്ഞം തുറമുഖമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. വിഴിഞ്ഞം തുറമുഖത്തിന്റെ നാൾവഴികളിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ഊർജവും നേതൃത്വവും കൊണ്ട് ആ പദ്ധതിയെ മുന്നോട്ടുനയിച്ച ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരിയെ ഓർക്കാതെ ഒരുനിമിഷം പോലും മുന്നോട്ടുപോകാൻ കഴിയില്ല. ആ മനുഷ്യൻ ഒഴുക്കിയ ചോരയും വിയർപ്പും ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്രനിമിഷം പൂർണവുമാവില്ല. അതുകൊണ്ടുതന്നെ ഈ ചരിത്ര പദ്ധതി പൂർത്തിയാവുമ്പോൾ അതിന് ഉമ്മൻ ചാണ്ടിയുടെ പേര് തന്നെയായിരിക്കണം ഉണ്ടാവേണ്ടത്. ചെയ്‌ത തെറ്റുകൾക്ക് കാലത്തോടും ആ മനുഷ്യനോടും മാപ്പ് ചോദിക്കാനും അദ്ദേഹത്തിന്റെ ഓർമകളോടെങ്കിലും നീതി കാണിക്കാനും സർക്കാർ തയ്യാറാകണം -കെ.സി. വേണുഗോപാൽ വ്യക്തമാക്കി.