കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം. മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. താഴത്തങ്ങാടി കല്ലുപുരയ്ക്കൽ അജയ് മാത്യു (30)വിനെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘം പിടികൂടിയത്. തായ്‌ലൻഡിലും മലേഷ്യയിലും അടക്കം വിൽപ്പന നടത്തുന്ന വീര്യം കൂടിയ ഇനം കഞ്ചാവാണ് ഹൈബ്രിഡ് കഞ്ചാവ്. ഇത് സിനിമാ താരങ്ങൾ അടക്കം ഉപയോഗിക്കുന്നതാണ്. ഗ്രാമിന് 1500 മുതൽ 2000 രൂപ വരെയാണ് വില. സിനിമാ സംവിധായകരായ ഖാലിദ് റഹ്മാന്റെ മുറിയിൽ നിന്നും റാപ്പർ വേടന്റെ മുറിയിൽ നിന്നും അടക്കം പിടിച്ചെടുത്തത് ഹൈബ്രിഡ് കഞ്ചാവാണ്. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. അജയ്് മാത്യുവിനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച് നൽകിയ ആളുകളെപ്പറ്റി അടക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ ആദ്യമായാണ് ഹൈബ്രിഡ് കഞ്ചാവ് കേസ് റിപ്പോർട്ട് ചെയ്യുന്നത്.