ബിഹാര്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നാണ് കേന്ദ്രസര്‍ക്കാര്‍ ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി.പിന്നാക്ക സമൂഹങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കാനും അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും ഉറപ്പാക്കാനുമാണ് ജാതിസെന്‍സസ് വേണമെന്ന ആവശ്യം കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിരന്തരം ഉന്നയിച്ചത്. എന്നാല്‍ അതിനോട് മുഖം തിരിച്ച കേന്ദ്ര സര്‍ക്കാരിന്റെ പെട്ടന്നുള്ള മനം മാറ്റം രാഷ്ട്രീയതാത്പര്യം മുന്‍നിര്‍ത്തി മാത്രമാണ്. അതിനാലാണ് പ്രത്യേകമായ ജാതി സെന്‍സസിന് തയ്യാറാകാത്തത്. പൊതുസെന്‍സസിനൊപ്പമുള്ള ജാതി കണക്കെടുപ്പ് നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ച ആശയമായിരുന്നു. പിന്നോക്ക വിഭാഗങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണ ചൂണ്ടിക്കാട്ടി കൊണ്ടാണ് രാഹുല്‍ ഗാന്ധി ഈ ആവശ്യം ഉന്നയിച്ചത്. ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ജാതി സെന്‍സസ് പ്രഖ്യാപിക്കുമ്പോള്‍ ഇത് രാഹുല്‍ ഗാന്ധിയുടെ കൂടെ വിജയമാണ്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പിന്നോക്ക ജാതിക്കാര്‍ നേരിടുന്ന അനീതിയെ രാഹുല്‍ ഗാന്ധി നിരന്തരം തുറന്നു കാട്ടിയിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന അസമത്വത്തെക്കുറിച്ചുള്ള വസ്തുതകള്‍ പുറത്ത് കൊണ്ടുവരാന്‍ ജാതിസെന്‍സസ് അനിവര്യമാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. നഗ്‌നമായ സത്യങ്ങള്‍ വിളിച്ചു പറഞ്ഞപ്പോഴെല്ലാം രാഹുല്‍ ഗാന്ധിയെ അക്രമിക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിച്ചത്. ഒടുവില്‍ രാഹുല്‍ ഗാന്ധി നാളിതുവരെ അസമത്വത്തെ കുറിച്ച് പറഞ്ഞതെല്ലാം ശരിയാണെന്ന് സമ്മതിക്കുക കൂടിയാണ് ജാതി സെന്‍സസ് നടത്താമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിലൂടെയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. 2011 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അവസാനമായി സെന്‍സസ് നടന്നത്. അതിന് ശേഷം 2021 ല്‍ നടത്തേണ്ട സെന്‍സസ് നടത്താന്‍ പോലും മോദി ഭരണകൂടം തയ്യാറായിരുന്നില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരിഞ്ഞെടുപ്പിന് പിന്നാലെ വീണ്ടും കനത്ത തിരിച്ചടി ബിഹാറില്‍ നിന്നുമുണ്ടായാല്‍ അത് കേന്ദ്രസര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് ഭയം ഒന്നും കൊണ്ടുമാത്രമുള്ള രാഷ്ട്രീയ നടപടിയാണിതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.