ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാന് നല്‍കിയ മറുപടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.ഓപ്പറേഷനില്‍ കുറഞ്ഞത് 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. സ്ഥിതിഗതികള്‍ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍, പാകിസ്താൻ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്നും സർവകക്ഷിയോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുന്നുണ്ടെന്നും അതിനാല്‍ എത്ര ഭീകരർ കൊല്ലപ്പെട്ടു എന്നതിനെ കുറിച്ച് കൃത്യമായ എണ്ണം പറയാൻ പ്രയാസമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറില്‍, 9 തീവ്രവാദ ഒളിത്താവളങ്ങളില്‍ കൃത്യമായ ആക്രമണങ്ങള്‍ നടത്തി. ഏകദേശം 100 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വിവര സ്ഥിരീകരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. കണക്കെടുപ്പ് തുടരുകയാണ്. ഭീകരരുടെ താവളങ്ങള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി
പാകിസ്താനെതിരെയുള്ള സംഘർഷത്തില്‍ എല്ലാ രാഷ്ട്രീയ പാർട്ടികളും നല്‍കിയ പിന്തുണയെയും കേന്ദ്രം അഭിനന്ദിച്ചു. നമ്മള്‍ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്ന സമയത്ത് എല്ലാ നേതാക്കളും പക്വത കാണിച്ചിട്ടുണ്ടെന്ന് സർവകക്ഷി യോഗത്തിന് ശേഷം കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ‘നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്ന സമയത്ത് എല്ലാ നേതാക്കളും പക്വത കാണിച്ചു. ഓപ്പറേഷൻ സിന്ദൂരിന് സായുധ സേനയെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു, കൂടാതെ സർക്കാരിനെയും സായുധ സേനയെയും പിന്തുണയ്ക്കുമെന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് ചില നിർദേശങ്ങളും ലഭിച്ചു,’ കേന്ദ്ര പാർലമെൻററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.