അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ ടൂര്‍ണമെന്‍റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്ലില്‍ പ്ലേ ഓഫും ഫൈനലും ഉള്‍പ്പെടെ 16 മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ നടത്താന്‍ തയാറാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ റിച്ചാര്‍ഡ് ഗ്ലൗഡ് ബിസിസിഐയെ സന്നദ്ധത അറിയിച്ചത്.
അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നതിനാല്‍ ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യൻ താരങ്ങള്‍ക്ക് ഇംഗ്ലണ്ടില്‍ തുടരാമെന്ന സൗകര്യവുമുണ്ടെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 20നാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.അതിന് മുമ്പ് ഇന്ത്യൻ എ ടീം ഈ മാസം അവസാനം മുതല്‍ ടൂര്‍ മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്.ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ നടത്താന്‍ ഇംഗ്ലണ്ട് സന്നദ്ധത അറിയിച്ചെങ്കിലും മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താനുള്ള സാധ്യതയാണ് ബിസിസിഐ ആലോചിക്കുന്നത്.ഐപിഎല്‍ ടീം ഉടമകളുമായും സ്പോണ്‍സര്‍മാരുമായും സംസാരിച്ചശേഷമെ ബിസിസിഐക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവു എന്നാണ് റിപ്പോര്‍ട്ട്.നിലവിലെ സാഹചര്യത്തില്‍ ഒരാഴ്ചത്തേക്കാണ് ടൂര്‍ണമെന്‍റ് നിര്‍ത്തിവെച്ചിരിക്കുന്നത്.ഒരാഴ്ചക്കുശേഷം മത്സരം സംഘര്‍ഷ സാധ്യത കുറഞ്ഞ തെക്കേ ഇന്ത്യയില്‍ മാത്രമായി പരിമിതപ്പെടുത്തി ടൂര്‍ണമെന്‍റ് പൂര്‍ത്തിയാക്കുന്ന കാര്യവും ബിസിസിഐയുടെ പരിഗണനയിലാണ്.