മലപ്പുറം കാളികാവിൽ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു. ദൗത്യത്തിന് എത്തിച്ച കുഞ്ചുവെന്ന കുങ്കിയാനയാണ് ഇന്ന് രാവിലെ പാപ്പാനെ ആക്രമിച്ചത്. ചന്തു എന്ന പാപ്പാനെ കുങ്കിയാന എടുത്തെറിയുകയായിരുന്നു. സാരമായി പരുക്കേറ്റ ഇയാളെ വണ്ടൂരിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കടുവാ ദൗത്യത്തിനായി കോന്നി സുരേന്ദ്രനെയും, കുഞ്ചുവിനെയുമാണ് വനം വകുപ്പ് എത്തിച്ചിരുന്നത്. രണ്ട് കുങ്കിയാനകളെയായിരുന്നു എത്തിച്ചത്. കടുവയ്ക്കായുള്ള തിരച്ചിലിനായി ആനകളെ കൊണ്ടുപോയിരുന്നില്ല.കടുവയെ കണ്ടെത്തുന്ന സാഹചര്യത്തിൽ മാത്രമേ കുങ്കിയാനകളെ വനത്തിലേക്ക് എത്തിക്കേണ്ടതുള്ളൂ. അതുകൊണ്ടുതന്നെ നിലവിൽ ഒരു സുരക്ഷിതമായ സ്ഥലത്ത് കോന്നി സുരേന്ദ്രന്റെയും, കുഞ്ചുവിനെയും പാർപ്പിച്ചിരിക്കുകയാണ്.അതേസമയം, 60 അംഗ സംഘമാണ് കടുവയ്ക്കായി മേഖലയിൽ തിരച്ചിൽ നടത്തുന്നത്. പലയിടങ്ങളിലായി 50 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കടുവയെ കണ്ടെത്താൻ സ്ഥലത്ത് ഡ്രോണ്‍ നിരീക്ഷണവും നടത്തുന്നുണ്ട്. കാളികാവിൽ കടുവയുടെ ദൃശ്യം പതിഞ്ഞ സ്ഥലം കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധന നടത്തും. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക. കടുവാ ദൗത്യത്തിന് നേതൃത്വം നൽകുന്ന ഡി. എഫ്. ഒ ധനിക്ക് ലാലിനെ സ്ഥലം മാറ്റിയതിൽ വിവാദം പുകയുകയാണ്. തൊഴിലാളികൾക്ക് സ്പെഷ്യൽ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകിട്ട് അടയ്ക്കാക്കുണ്ടിൽ ജനകീയ പ്രതിഷേധം നടക്കും.