രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും, ശരീരപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നതിനും വൃക്കകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. രക്തത്തിലുള്ള വിഷവസ്തുക്കളെ ഫിൽറ്റർ ചെയ്ത് മാറ്റുന്നതിനും, രക്തസമ്മർദ്ദം ഉയർത്തുന്ന ഹോർമോണുകൾ ,ചുവന്ന രക്താണുക്കൾ എന്നിവ ഉൽപ്പാദിപ്പിക്കുന്നതും കൂടാതെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും ഇവ സഹായിക്കും.വൃക്ക സംബന്ധമായ അസുഖങ്ങള്‍ തുടക്കത്തിലെ കണ്ടെത്തുക പ്രയാസമാണ്, പലപ്പോഴും രോഗം മൂർച്ഛിച്ച അവസ്ഥയിലാകും രോഗ ലക്ഷണങ്ങൾ പോലും കണ്ട് തുടങ്ങുന്നത്.എന്നാൽ വൃക്കകളുടെ ആരോഗ്യത്തെ കുറിച്ചുള്ള അവബോധവും ശരിയായ നിരീക്ഷണവും ഉണ്ടെങ്കിൽ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും, ഇല്ലെങ്കിൽ രോഗം വൃക്ക തകരാറിലേക്കും പിന്നീട് ഡയാലിസിസ് അല്ലെങ്കിൽ ട്രാൻസ്പ്ലാൻറ് എന്നിവയിലേക്കും നയിക്കാം.വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന രോഗങ്ങളായ ക്രോണിക് കിഡ്‌നി ഡിസീസ് , കിഡ്നി സ്റ്റോൺ ,വൃക്കകളിലുണ്ടാകുന്ന അണുബാധ ,ഗ്ലോമെറുലോനെഫ്രൈറ്റിസ് (വൃക്കയിലെ ഫിൽറ്ററുകളിൽ ഉണ്ടാകുന്ന വീക്കം) ,പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പ്രമേഹം ,ഉയർന്ന രക്തസമ്മർദ്ദം ,അമിതവണ്ണം ,പുകവലി എന്നിവയെല്ലാം രോഗ സാധ്യത വർധിപ്പിക്കും. അറുപത് വയസ്സ് കഴിഞ്ഞവരിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.