ഐബി ഉദ്യോഗസ്ഥ മേഘ മധുസൂദനന്റെ ദുരൂഹമരണത്തിൽ പ്രതിയായ സഹപ്രവർത്തകൻ ഇപ്പോഴും ഒളിവിൽ. മാർച്ച് 24-നാണ് മേഘയെ തിരുവനന്തപുരം പേട്ട റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ടത്. ഇതുമായി ബന്ധപ്പെട്ട് സഹപ്രവർത്തകൻ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിനെതിരെ പേട്ട പോലീസ് കേസും എടുത്തു. എന്നാൽ മേഘ മരിച്ച് 55 ദിവസം പിന്നിടുമ്പോഴും സുകാന്തിനെ കസ്റ്റഡിയിലെടുത്തിട്ടില്ല. സംഭവത്തെത്തുടർന്ന് ഐബിയിൽനിന്ന് സുകാന്തിനെ പിരിച്ചുവിട്ടിരുന്നു. മരണം നടന്ന് മൂന്നാംദിവസം മേഘയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അച്ഛൻ മധുസൂദനൻ എടുത്തിരുന്നു. അപ്പോഴാണ് മകളുടെ ശമ്പളം മുഴുവൻ സുകാന്തിന്റെ അക്കൗണ്ടിലേക്കാണ് പോയിരുന്നതെന്ന് മനസ്സിലായത്. ഇയാൾ, സാമ്പത്തിക, ലൈംഗികചൂഷണം നടത്തിയെന്ന് മേഘയുടെ കുടുംബം ആരോപിച്ചു. ഇത് സാധൂകരിക്കുന്ന തെളിവുകളും ഇവർ പോലീസിന് കൈമാറി.
കഴിഞ്ഞദിവസം മേഘയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. പ്രതിയെ പിടികൂടാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി മേഘയുടെ അച്ഛൻ പറഞ്ഞു. ഇപ്പോഴത്തെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മേഘയുടെ അച്ഛൻ മധുസൂദനൻ പറഞ്ഞു. അന്വേഷണത്തിൽ അപാകമോ തടസ്സമോ ഉണ്ട്. കാരണം അറിയില്ല. സുകാന്തിന്റെ വീട് പരിശോധിച്ചപ്പോൾ ഒന്നും കിട്ടിയില്ലെന്നാണ് പറഞ്ഞത്. പിന്നീട് പരിശോധിച്ചപ്പോൾ സുകാന്തിന്റെ ലാപ്പ്ടോപ്പും ഫോണും ലഭിച്ചെന്നും പോലീസ് പറഞ്ഞു.പ്രതി കാണാമറയത്താണോ കാണുന്ന മറയത്താണോ എന്നും അറിയില്ല. പ്രത്യേകസംഘം കേസ് അന്വേഷിക്കുമെന്ന് പറഞ്ഞെങ്കിലും അതും ഉണ്ടായില്ല. ഞായറാഴ്‌ച പേട്ട പോലീസ് വിളിച്ച് സുകാന്തിന്റെ അച്ഛനും അമ്മയും മൊഴി നൽകാൻ എത്തിയിട്ടുണ്ടെന്ന് പറഞ്ഞു. പോലീസിന് വേണ്ട തെളിവുകളെല്ലാം ഞങ്ങൾ തന്നെയാണ് ശേഖരിച്ച് നൽകിയത്. ഇനി പ്രതിയെക്കൂടി പിടികൂടി നൽകണമെന്നാണോ അവർ ഉദ്ദേശിക്കുന്നത് എന്നറിയില്ല. മകളുടെ മരണത്തിൽ നീതിപൂർവമായ അന്വേഷണം വേണമെന്നും അച്ഛൻ ആവശ്യപ്പെട്ടു.