ഇടുക്കി കട്ടപ്പനയിലെ ഹോട്ടലില്‍ ഊണിന് കറി കുറഞ്ഞു പോയതിനെ ചൊല്ലി സംഘര്‍ഷം.ഭക്ഷണം കഴിക്കാന്‍ എത്തിയ ആറു പേര്‍ക്കും ഹോട്ടല്‍ ജീവനക്കാരനും പരുക്കേറ്റു.ഊണിന് കറിയുടെ അളവ് കുറഞ്ഞു പോയത് ചോദ്യം ചെയ്തതാണ് അടിപിടിയില്‍ കലാശിച്ചത്. പ്രതിശ്രുത വരനടക്കം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ അംഗങ്ങള്‍ക്കും ഹോട്ടല്‍ ജീവനക്കാരനുമാണ് പരിക്കേറ്റത്.
കല്യാണത്തിന് വസ്ത്രമെടുക്കാനെത്തിയ മ്ലാമല സ്വദേശി ഷംസും കുടുംബവും ചൊവ്വാഴ്ച ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തി. പാത്രത്തില്‍ കറികളുടെ അളവ് കുറവായിരുന്നതിനാല്‍ കൂടുതല്‍ വേണമെന്നാവശ്യപ്പെട്ടു. ഇതിനോട് ഹോട്ടല്‍ ജീവനക്കാരന്‍ അനിഷ്ടം കാട്ടിയതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമായി. പിന്നാലെ ഹോട്ടലിലെ ഷട്ടര്‍ അടച്ചിട്ട ശേഷം കറി കൂടുതല്‍ ആവശ്യപ്പെട്ട കുടുംബത്തെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സംഘര്‍ഷത്തില്‍ തലയ്ക്ക് പരിക്കേറ്റ യുവാവ് ആരോപിക്കുന്നത്. എന്നാല്‍ ഭക്ഷണം കഴിക്കാനെത്തിയ വീട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്ന കുടുംബത്തിലെ യുവാക്കള്‍ ടേബിളുകള്‍ക്ക് ഇടയില്‍ കുടുക്കിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് ഹോട്ടല്‍ ജീവനക്കാരന്‍ ആരോപിക്കുന്നത്.സംഭവം അറിഞ്ഞെത്തിയ കട്ടപ്പന പൊലീസിടപെട്ടാണ് രംഗം ശാന്തമാക്കിയത്.ചികിത്സയ്ക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഇരുകൂട്ടരും തമ്മില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായി. പിന്നീട് കട്ടപ്പന പൊലീസ് എത്തി ഇവരെ വെവ്വേറെ ആശുപത്രികളിലേക്ക് മാറ്റി.