ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.എറണാകുളം സ്വദേശി ഷിബു.എസ്, കോലഞ്ചേരി പത്താം മൈലിലെ ‘ദി പേര്‍ഷ്യന്‍ ടേബിള്‍’ എന്ന റെസ്റ്ററന്റ്‌നെതിരെ നല്‍കിയ പരാതിയിലാണ് കമ്മിഷന്റെ നിരീക്ഷണം. പരാതി പരിഗണനാര്‍ഹമല്ലെന്ന് വ്യക്തമാക്കിയാണ് നിരാകരിച്ചത്.പരാതിക്കാരനും സുഹൃത്തും 2024 നവംബര്‍ മാസത്തിലാണ് എതിര്‍കക്ഷിയുടെ റസ്റ്ററന്റില്‍ ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ നല്‍കിയത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ആവശ്യപ്പെട്ടു. അത് നല്‍കാനാവില്ലെന്ന് ഹോട്ടലുടമ അറിയിച്ചു. തുടര്‍ന്നാണ് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. താലൂക്ക് സപ്ലൈ ഓഫീസറും, ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ നയമല്ലെന്നു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പരാതിക്കാരന്‍ കമ്മീഷനെ സമീപിച്ചത്.