കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ശേഷവും പി പത്മരാജനോളം ഇത്രയധികം ആഘോഷിക്കപ്പെട്ട മറ്റൊരു ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും മലയാളത്തില്‍ വേറെയുണ്ടോ എന്നത് സംശയമാണ്. കാലം പൂര്‍ത്തിയാക്കും മുന്‍പേ മാഞ്ഞുപോയ ഗന്ധര്‍വ്വനെന്നും മലയാളത്തിലെ ‘ന്യൂ വേവ്’ സിനിമയുടെ തുടക്കക്കാരില്‍ ഒരാളെന്നുമൊക്കെ പുകഴ്ത്തുമ്പോഴും തീയേറ്ററുകളിലെത്തിയ കാലത്ത് വേണ്ടത്ര വിജയങ്ങള്‍ ലഭിക്കാതെ പോയിരുന്നു ആ സിനിമകള്‍ക്ക്. ഒരുപക്ഷേ പ്രതിഭ കൊണ്ട് കാലത്തിനു മുന്‍പേ സഞ്ചരിച്ചതാവാം അതിനു കാരണം. ചുരുങ്ങിയ കാലം കൊണ്ട് മികച്ച സിനിമകൾ സമ്മാനിച്ച ആ അതുല്യ കലാകാരന്റെ 80-ാം ജന്മവാർഷികമാണിന്ന്.1945 മെയ് 23ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ഞവരയ്ക്കല്‍ വീട്ടില്‍ ആയിരുന്നു പത്മരാജന്റെ ജനനം. മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷമുള്ള കലാലയ ജീവിതം തിരുവനന്തപുരത്ത് ആയിരുന്നു. എം ജി കോളേജിലും യൂണിവേഴ്‍സിറ്റി കോളേജിലുമായിട്ടായിരുന്നു പഠനം. കുട്ടിക്കാലത്ത് തന്നെ പത്മരാജന് വായനയോടുള്ള കമ്പം ഉണ്ടായിരുന്നു. ഗ്രാമത്തിലെ ലൈബ്രറികളിലെ നിത്യസന്ദര്‍ശകനായി അദ്ദേഹം മാറി. കോളേജ് പഠനത്തിനായി തിരുവനന്തപുരത്തേക്ക് എത്തിയതോടെ വായന വളര്‍ന്നു. വായനയ്ക്കൊപ്പം എഴുത്തും ആരംഭിച്ചു.