ബിജെപിയിൽ ചേർന്ന മറിയക്കുട്ടിയെ പരോക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്.വീട് നൽകിയവരെ വേണ്ടെന്ന് വച്ച് കിണറ്റിൽ വീണ പൂച്ചയെ എടുക്കാൻ വന്നവരുടെ പാർട്ടിൽ ചേർന്നു എന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റ പരാമർശം. മറിയക്കുട്ടിയുടെ പേരുപറയാതെ ആയിരുന്നു വിമർശനം.
കോൺഗ്രസ് പ്രവർത്തകർ ആപത് ഘട്ടത്തിൽ തിരിഞ്ഞുനോക്കാത്തത് കൊണ്ടാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന് മറിയക്കുട്ടിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. “ഒരാൾ എന്നോട് പറഞ്ഞ ഒരു സംഭവം ഞാൻ ഓർക്കുകയാണ്. വീടില്ലാത്ത ഒരാൾക്ക് ഒരു പാർട്ടി വീട് വച്ച് നിർമിച്ചുനൽകി. അയാൾ ആ വീട്ടിൽ നന്നായി താമസം തുടങ്ങി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അയാളുടെ കിണറ്റിൽ ഒരു പൂച്ച ചത്തുകിടക്കുന്നതായി കണ്ടു. ആ പൂച്ചയെ എടുക്കാൻ മറ്റൊരു പാർട്ടിക്കാരാണ് വന്നത്. അവസാനം വീടിൻ്റെ ഉടമ പൂച്ചയെ എടുക്കാൻ വന്നവരുടെ പാർട്ടിയിൽ ചേർന്നു.” എന്നായിരുന്നു സണ്ണി ജോസഫിന്റെ വാക്കുകൾ. കോൺഗ്രസിൻ്റെ ലക്ഷ്യം വീടില്ലാത്ത എല്ലാവർക്കും വീട് വേണം എന്നതാണ്. ആപത്ഘട്ടത്തിൽ കോൺഗ്രസ് കൂടെ നിന്നില്ലെന്ന് മറിയക്കുട്ടി പറഞ്ഞത് ജനം വിലയിരുത്തട്ടെ എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
ബിജെപിയുടെ വികസിത കേരളം കൺവെൻഷന്റെ ഭാഗമായി വെള്ളിയാഴ്ച തൊടുപുഴയിൽ ബിജെപി സംഘടിപ്പിച്ച പൊതുപരിപാടിയിൽ മറിയക്കുട്ടി പങ്കെടുത്തതോടെയാണ് ഇവർ വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചത്. മറിയക്കുട്ടി പാർട്ടി അംഗത്വം സ്വീകരിച്ചതായി ബിജെപി നേതാക്കളും അറിയിച്ചു.