വടകര അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. കരിയാട് മുക്കാളിക്കരയിലെ രജീഷ് (48) ആണ് മരിച്ചത്. അഴിയൂർ രണ്ടാം വാർഡിൽ ഹാജിയാർ പള്ളി റോഡിൽ ഇന്ന് പന്ത്രണ്ട് മണിയോടെയായിരു-ന്നു അപകടം. കിണർ നിർമ്മാണ പ്രവർത്തി നടക്കുന്നതിനിടെ കനത്ത മഴ പെയ്യുകയും പിന്നാലെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
അപകട സമയത്ത് ആറുപേരായിരുന്നു കിണറിനടുത്ത് ഉണ്ടായിരുന്നത്. ഇതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു . പിന്നാലെ രണ്ടുപേർ കിണറിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഇതിൽ ഒരാളെ പെട്ടന്നുതന്നെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ ഒരാൾ മണ്ണിനടിയിൽ തന്നെ കുടുങ്ങി പോവുകയായിരുന്നു. മാഹിയിലെയും വടകരയിലെയും ഫയർഫോഴ്സ് സ്ഥലത്തെത്തി മണ്ണിൽ കുടുങ്ങിയ തൊഴിലായിയെ രക്ഷപ്പെടുത്താൻ മണ്ണ് നീക്കി ശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരിക്കേറ്റ തൊഴിലാളിയെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.