ദിപീപിന്റെ സിനിമയായ പ്രിൻസ് ആൻറ് ഫാമിലിയെ പുകഴ്ത്തിയത് വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സിനിമയെക്കുറിച്ച് നല്ലത് പറഞ്ഞത് ദിലീപിനെ ന്യായീകരിച്ചതായി വ്യഖ്യാനിക്കേണ്ടതില്ലെന്ന് എം.എ. ബേബി വ്യക്തമാക്കി. എന്നാൽ ഒട്ടേറെ സഖാക്കളും അനുഭാവികളും ഇക്കാര്യത്തിൽ അപ്രതീക്ഷിതമായി തന്നോട് വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി.പാർട്ടിയേയും തന്നെയും സ്നേഹിക്കുന്നവരെ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതിൽ വിഷമമുണ്ടെന്നും എം.എ. ബേബി കുറിച്ചു. യുവസംവിധായകൻ നിർബന്ധിക്കുകയും ദില്ലിയിൽ പ്രത്യേക സ്ക്രീനിംഗ് സംഘടിപ്പിക്കുകയും ചെയ്തു. ഇതു കൊണ്ടാണ് സിനിമ കണ്ടതെന്നും ഭേദപ്പെട്ട സിനിമയായി തോന്നിയതു കൊണ്ടാണ് അഭിപ്രായം പറഞ്ഞതെന്നും എംഎ ബേബി വ്യക്തമാക്കി. പ്രിൻസ് ആൻറ് ഫാമിലി എന്ന ദിലീപ് അഭിനയിച്ച ചിത്രത്തെ ബേബി പുകഴ്ത്തിയത് പല സാമൂഹ്യപ്രവർത്തകരും വനിതാ ആക്ടിവിസ്റ്റുകളും ചോദ്യം ചെയ്തിരുന്നു.