ഐപിഎല്ലിലെ ആദ്യ രണ്ട് സ്ഥാനക്കാരെ നിശ്ചയിക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സിന് 185 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. 39 പന്തില്‍ 57 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറര്‍. രോഹിത് ശര്‍മ 24 റണ്‍സടിച്ചപ്പോള്‍ റിയാന്‍ റിക്കിൾടണ്‍ 27ഉം ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ 26ഉം റണ്‍സടിച്ചു. പഞ്ചാബിനായി മാര്‍ക്കോ യാന്‍സനും വിജയകുമാര്‍ വൈശാഖും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.പവര്‍പ്ലേയില്‍ ആദ്യ നാലോവറില്‍ രോഹിത് ശര്‍മ താളം കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ റിയാന്‍ റിക്കിള്‍ടണ്‍ ആയിരുന്നു മുംബൈക്കായി തകര്‍ത്തടിച്ചത്. ആദ്യ നാലോവറില്‍ 32 റണ്‍സ് മാത്രമെടുത്ത മുംബൈയെ ഹര്‍പ്രീത് ബ്രാര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സുകള്‍ പറത്തിയ രോഹിത് ശര്‍മ ടോപ് ഗിയറിലാക്കി. എന്നാല്‍ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ തന്നെ റിയാൻ റിക്കിള്‍ടണെ(20 പന്തില്‍ 27) പുറത്താക്കി മാര്‍ക്കോ യാന്‍സന്‍ മുംബൈക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഇതോടെ മുംബൈയുടെ പവര്‍ പ്ലേ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സിലൊതുങ്ങി. പവര്‍ പ്ലേക്ക് ശേഷം രോഹിത്തും സൂര്യയും ചേര്‍ന്ന് 81 റണ്‍സിലെത്തിച്ചെങ്കിലും 21 പന്തില്‍ 24 റണ്‍സെടുത്ത രോഹിത്തിനെ മടക്കി ഹര്‍പ്രീത് ബ്രാര്‍ പ്രതികാരം തീര്‍ത്തു. നാലം നമ്പറിലിറങ്ങിയ തിലക് വര്‍മ(4 പന്തില്‍ 1) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ വില്‍ ജാക്സും സൂര്യയും ചേര്‍ന്ന് പന്ത്രണ്ടാം ഓവറില്‍ മുംബൈയെ 100 കടത്തി. പിന്നാലെ വില്‍ ജാക്സിനെ(8 പന്തില്‍ 17) വിജയകുമാര്‍ വൈശാഖ് മടക്കി.